റിയാദ്: വികസന-പരിവര്‍ത്തന ലക്ഷ്യങ്ങളിലേക്ക് അടിയുറച്ച ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് സൗദി അറേബ്യ മുന്നേറുന്നതെന്ന് ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സൗദികളുടെ നിഘണ്ടുവില്‍ 'ഭയം' എന്ന വാക്കിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനും ഭാവി വീക്ഷണം യാഥാര്‍ത്ഥ്യമാക്കുന്നതിനുമുള്ള ഒരു അവസരവും സൗദി അറേബ്യ പാഴാക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
റിയാദില്‍ ആരംഭിച്ച 25-ാമത് ലോക പെട്രോളിയം കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് വെല്ലുവിളികളെയും അതിജീവിക്കാനുള്ള കഴിവിലും ഉറച്ച വിശ്വാസത്തിലും സൗദികള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാവി തലമുറകള്‍ക്കായി മികച്ചൊരു നാളെ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം തന്നെ, ഏത് സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്ന് സൗദി അറേബ്യ ലോകത്തിന് മുന്നില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ കടന്നുപോയ മുന്‍കാല അനുഭവങ്ങളും വെല്ലുവിളികളും രാജ്യത്തിന്റെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് പകരുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഉത്തരവാദിത്തം വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും, വരുംതലമുറകളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനായി ആഗോളതലത്തില്‍ രാജ്യത്തെ മുന്‍നിരയിലെത്തിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും വലിയ തോതിലുള്ള സാമ്പത്തിക-സാമൂഹിക പരിവര്‍ത്തനത്തിന് വഴിയൊരുക്കാന്‍ ലോകത്തിലെ വേറൊരു രാജ്യത്തിനെങ്കിലും സാധിച്ചിട്ടുണ്ടോ എന്ന് ചോദ്യമുന്നയിച്ച അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വികസന യാത്രയില്‍ രാജ്യം കൈവരിച്ച വേഗത്തിലുള്ള മാറ്റങ്ങളെയും എടുത്തുപറഞ്ഞു. സ്വന്തം ഭാവി നിര്‍ണ്ണയിക്കുന്നത് സൗദികള്‍ തന്നെയാണെന്നും ആ അവസരങ്ങള്‍ കൈവിട്ടുപോകാന്‍ അനുവദിക്കില്ലെന്നും ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കി.