റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ICF) സൗദിയിലുടനീളം വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 'ജീവിതത്തിന്റെ സമ്മാനം പങ്കുവെക്കൂ' (Share the Gift of Life) എന്ന പ്രമേയമുയര്‍ത്തിയാണ് ഐ.സി.എഫ് ജീവകാരുണ്യ വിഭാഗം ഈ ദൗത്യം ഏകോപിപ്പിച്ചത്. പ്രവാസി സമൂഹത്തില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ക്യാമ്പുകള്‍ക്ക് ലഭിച്ചത്. നൂറുകണക്കിന് സന്നദ്ധ രക്തദാതാക്കള്‍ പങ്കാളികളായ ദൗത്യത്തിന് സൗദിയിലെ പ്രമുഖ ആശുപത്രികളും വിവിധ ആരോഗ്യ ഏജന്‍സികളും സഹകരണവും പിന്തുണയും നല്‍കി.
സൗദി അറേബ്യയിലെ ഇരുപത് റീജിയണുകളില്‍ നടന്ന രക്തദാന ക്യാമ്പുകള്‍ക്ക് ഐ.സി.എഫ് നാഷണല്‍, ചാപ്റ്റര്‍, റീജിയണല്‍ നേതാക്കള്‍ നേതൃത്വം നല്‍കി. ജിസാനിലെ ക്യാമ്പിന് ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടിയും ജിദ്ദയില്‍ നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം, മുജീബ് എ.ആര്‍ നഗര്‍, ബഷീര്‍ പറവൂര്‍, മുഹമ്മദലി വേങ്ങര, അബൂമിസ്ബാഹ് ഐക്കരപ്പടി എന്നിവരും ഖമീസില്‍ മഹ്‌മൂദ് സഖാഫിയും നേതൃത്വം നല്‍കി.
റിയാദ് ഗുറാബി പാര്‍ക്ക് പരിസരത്ത് നടന്ന രക്തദാന ക്യാമ്പില്‍ നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, ഹുസൈനലി കടലുണ്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ദമ്മാമില്‍ നടന്ന ക്യാമ്പിന് ഐ.സി.എഫ് സെക്രട്ടറി സലിം പാലച്ചിറ, അഷ്റഫ് കരുവന്‍പൊയില്‍, ഹാരിസ് ജൗഹരി, റാഷിദ് കാലിക്കറ്റ് എന്നിവരും സകാക്കയില്‍ നടന്ന ക്യാമ്പിന് നിസാര്‍ ചിറമംഗലവും നേതൃത്വം നല്‍കി.
തൊഴിലെടുക്കുന്ന നാടിനോടുള്ള നന്ദിയും സാമൂഹിക പ്രതിബദ്ധതയും പങ്കുവെക്കുന്നതിനും സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി സംഘടിപ്പിച്ചതെന്നും വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും ഐ.സി.എഫ് നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.
Related News