റിയാദ്: റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുണ്ടായ മിസൈലാക്രമണത്തിന്റെ ഭീതിജനകമായ അനുഭവങ്ങള്‍ പങ്കുവെച്ച് അതിജീവിതനായ നാസര്‍ അല്‍-റുവൈലി. ഭിന്നശേഷിക്കാരനായ സഹോദരനൊപ്പം ഉംറ നിര്‍വഹിക്കാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഗേറ്റ് നാലിന് സമീപം സഹോദരന്റെ വീല്‍ച്ചെയര്‍ തള്ളി നീങ്ങുന്നതിനിടെയാണ് മിസൈല്‍ പതിച്ചത്. 'കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളില്‍ മിസൈല്‍ പതിക്കുകയും സഹോദരന്‍ വായുവില്‍ തെറിച്ചുവീഴുകയും ചെയ്തു. എന്നാല്‍ ദൈവകൃപയാല്‍ അവന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു,' ആശുപത്രി കിടക്കയില്‍ നിന്ന് അല്‍-റുവൈലി ഓര്‍ത്തെടുത്തു. ആക്രമണത്തില്‍ ശരീരത്തില്‍ പൊള്ളലേറ്റ അദ്ദേഹം, രാജ്യത്തിനായി രക്തം ചിന്താനും തയ്യാറാണെന്ന് വ്യക്തമാക്കി സൗദി ഭരണനേതൃത്വത്തിന് നന്ദിയറിയിച്ചു.
10 മണിക്കൂറില്‍ 25 ശസ്ത്രക്രിയകള്‍; മാതൃകാപരമായി മെഡിക്കല്‍ ടീം
ആക്രമണത്തിന് തൊട്ടുപിന്നാലെ 400-ഓളം വരുന്ന വിദഗ്ധ മെഡിക്കല്‍ സംഘം നടത്തിയ മിന്നല്‍ രക്ഷാപ്രവര്‍ത്തനം വലിയ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. സംഭവം നടന്ന് ആദ്യ 10 മണിക്കൂറിനുള്ളില്‍ തന്നെ 25 അടിയന്തര ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോ. സുലൈമാന്‍ അല്‍-ഹബീബ് ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. മാദ് അല്‍-സാത്തി അറിയിച്ചു.
കൃത്യമായ 'ട്രയാജ്' (triage) സംവിധാനത്തിലൂടെ പരിക്കുകളുടെ തീവ്രതയനുസരിച്ച് തരംതിരിച്ചാണ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കിയത്. അപകടനിലയിലുള്ളവര്‍ക്ക് എമര്‍ജന്‍സി ജീവന്‍രക്ഷാ ശസ്ത്രക്രിയകളും, മറ്റുള്ളവര്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സകളും ഉടനടി നല്‍കി. നിലവില്‍ രണ്ട് പേര്‍ മാത്രമാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. ബാക്കിയുള്ളവരെ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ജനറല്‍, ന്യൂറോ, ഓര്‍ത്തോപീഡിക്, വാസ്‌കുലാര്‍, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ഇതിനുപുറമെ, സുരക്ഷാ ഏജന്‍സികളും എമര്‍ജന്‍സി സര്‍വീസുകളും ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കിയതോടെ ആംബുലന്‍സുകള്‍ക്ക് തടസ്സമില്ലാതെ പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാനായി. സൗദി ഭരണാധികാരികളായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേരിട്ടുള്ള ഇടപെടലുകളും പിന്തുണയുമാണ് അടിയന്തര ഘട്ടത്തില്‍ കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കാന്‍ സഹായിച്ചതെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.
Related News