മദീന- കിടപ്പുമുറിയിലുണ്ടായ തീപിടുത്തത്തില്‍ മദീനയില്‍ മൂന്ന് കുട്ടികള്‍ മരണപ്പെടുകയും അവരുടെ 14 വയസ്സുള്ള സഹോദരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. മാതാപിതാക്കള്‍ ക്ലിനിക്കില്‍ പോയ സമയത്തായിരുന്നു ദുരന്തം.
ദാന (14), സിയാദ് (11), ദീം (5), അബ്ദുല്‍ അസീസ് (2 വയസ്സ്) എന്നിവര്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് രാത്രി 9 മണിയോടെ അപകടം. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉടന്‍തന്നെ സിവില്‍ ഡിഫന്‍സിനെ വിവരമറിയിക്കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് അബ്ദുല്‍ അസീസിനെയും സിയാദിനെയും മദീനയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ഇരുവരുടെയും ഖബറടക്ക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജന്നത്തുല്‍ ബഖീഅ് കബര്‍സ്ഥാനില്‍ സംസ്കരിച്ചു. പരിക്കേറ്റ എന്നാല്‍ ചികിത്സയിലിരിക്കെ ദീം ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി. മസ്ജിദുന്നബവിയില്‍ അസര്‍ നമസ്കാരത്തിന് ശേഷം നടന്ന ജനാസ നമസ്കാരത്തിന് ശേഷം ദീമിന്റെ ഭൗതികശരീരവും ബഖീഅ് കബര്‍സ്ഥാനില്‍ ഖബറടക്കി. പരിക്കേറ്റ ദാന നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Related News