തിരുവനന്തപുരം: ചരിത്രംകുറിച്ച് നീക്കവുമായി കേരള എക്സൈസ് വകുപ്പ്! വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രമുഖ രാജ്യാന്തര ലഹരി ഇടപാടുകാരനെ യുഎഇയിലെത്തി കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചു. 2023-ലെ വന്‍ ലഹരിവേട്ട കേസില്‍ ഒളിവില്‍ പോയ തിരുവനന്തപുരം സ്വദേശി ഷോണ്‍ സുനില്‍ ബ്രെറ്റിനെയാണ് (ഷോണ്‍ സുനില്‍ ബെര്‍ട്ട്) എക്സൈസിന്റെ പ്രത്യേക സംഘം അതിസാഹസികമായി പിടികൂടി നാട്ടിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചെ പ്രതിയുമായി സംഘം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. കേരള എക്സൈസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സംഘം വിദേശ മണ്ണിലെത്തി ഒരു കുറ്റവാളിയെ പിടികൂടി തിരികെ കൊണ്ടുവരുന്നത്.
2023 ജൂലൈ 1-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍തോതില്‍ കഞ്ചാവും എംഡിഎംഎയും പിടികൂടിയിരുന്നു. കേസില്‍ 7 പ്രതികളെ അന്നുതന്നെ വലയിലാക്കിയെങ്കിലും എട്ടാം പ്രതിയായ ഷോണ്‍ സുനില്‍ തന്ത്രപൂര്‍വം യുഎഇയിലേക്ക് കടന്നുകളയുകയായിരുന്നു.
എന്നാല്‍ വിട്ടുകൊടുക്കാന്‍ എക്സൈസ് തയ്യാറായില്ല. ഇയാള്‍ക്കെതിരെ ഉടനടി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് നയതന്ത്രതലത്തിലെ എല്ലാ നിയമനടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം യുഎഇയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിലെത്തിച്ച പ്രതിക്കെതിരെയുള്ള തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
എക്സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവറാവുവിന്റെ നിര്‍ണായക ഇടപെടലും കൃത്യമായ ഏകോപനവുമാണ് ഈ ചരിത്രപരമായ ദൗത്യത്തെ വിജയത്തിലെത്തിച്ചത്. ഇന്റര്‍പോളിന്റെയും നയതന്ത്ര വിഭാഗങ്ങളുടെയും സഹകരണത്തോടെ എക്സൈസ് നടത്തിയ ഈ ഓപ്പറേഷന്‍, ലഹരിക്കടത്തുകാര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ്.
Related News