റിയാദ്: ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതിനിടെ, റിയാദ് മേഖല ലക്ഷ്യമാക്കി വന്ന ഡ്രോണ്‍ സഖ്യസേന വിജയകരമായി തടഞ്ഞു തകര്‍ത്തെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.
കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സൗദി പൗരനും രണ്ടാമത്തെയാള്‍ ഇന്ത്യന്‍ സ്വദേശിയുമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു.
വിമാനത്താവള ആക്രമണത്തില്‍ പരിക്കേറ്റ എട്ടുപേരുടെയും വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഒരു സൗദി പൗരന്, രണ്ട് ഇന്ത്യക്കാര്‍, രണ്ട് യെമനികള്, രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍, ഒരു നേപ്പാള്‍ പൗരന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെറിയ പരിക്കുകള്‍ മുതല്‍ ഗുരുതരമായ മുറിവുകളേറ്റ ഇവര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ വിദഗ്ദ്ധ ചികിത്സയില്‍ കഴിയുകയാണ്. വിമാനത്താവളത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ സൗദി അരാംകോയുടെ ശൈബ എണ്ണപ്പാടത്തിന് നേരെ വന്നെത്തിയ ഡ്രോണ്‍ തടഞ്ഞു തകര്‍ത്തതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ പതിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ഊര്‍ജ്ജ മന്ത്രാലയം വെളിപ്പെടുത്തി. മരിച്ച രണ്ടുപേര്‍ ഫിലിപ്പൈന്‍സ്, നേപ്പാള്‍ സ്വദേശികളാണ്.
ശൈബയിലെ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് കരാര്‍ കമ്പനിയുടെ വാഹനത്തിന് തീപിടിച്ചെങ്കിലും എണ്ണശുദ്ധീകരണ ശാലയുടെ പ്രധാന ഭാഗങ്ങള്‍ക്ക് പുറത്തായതിനാല്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല. ഈ സംഭവത്തിലാണ് ഒരു പാകിസ്ഥാന് പൗരനും ഒരു ഇന്ത്യന്‍ പൗരനും പരിക്കേറ്റത്.
കൂടാതെ, വ്യാഴാഴ്ച പുലര്‍ച്ചെ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ നാല് ഡ്രോണുകള്‍ കൂടി സഖ്യസേന തകര്‍ത്തതായി മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
Related News