ജിദ്ദ: വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ സവിശേഷതകളും സമൂഹത്തിന്റെ സമഗ്ര പുരോഗതിയില്‍ വിദ്യാഭ്യാസത്തിനുള്ള നിര്‍ണായക പങ്കും വിശദീകരിച്ച് ഖുര്‍തുബ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി. വിദ്യാഭ്യാസം കേവലം അക്കാദമിക യോഗ്യതകള്‍ നേടുന്നതിനുള്ള മാര്‍ഗം മാത്രമല്ലെന്നും അറിവും മൂല്യബോധവും നേതൃത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന സമഗ്ര പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. സുബൈര്‍ ഹുദവി, അമേരിക്കയില്‍ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെയും മഹാത്മാഗാന്ധി സര്‍വകലാശാലയിലെയും ഉന്നത പദവികളിലെ അവസരങ്ങള്‍ ഉപേക്ഷിച്ചാണ് അദ്ദേഹം വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചത്. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും, വിദ്യാഭ്യാസത്തെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉപാധിയായി കാണേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വ്യക്തമാക്കുന്നുവെന്നും യോഗത്തില്‍ വിലയിരുത്തപ്പെട്ടു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ കഴിയുന്ന കുട്ടികളുടെ ദയനീയാവസ്ഥ അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതും കടുത്ത ദാരിദ്ര്യവും കാരണം കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ കൃഷിയിടങ്ങളിലും മറ്റു തൊഴില്‍ മേഖലകളിലും ജോലിക്കയച്ച് കുടുംബം പുലര്‍ത്താന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സമൂഹങ്ങളെ ബോധവത്കരിക്കുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കുട്ടികളെ അറിവിന്റെയും അവസരങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അനാഥരെയും ഭിന്നശേഷിക്കാരെയും സംരക്ഷിക്കുന്നതിനും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ പോലും ലഭ്യമല്ലാത്ത പിന്നാക്ക സാഹചര്യങ്ങളില്‍ ഖുര്‍തുബ അക്കാദമി പതിനൊന്നോളം പദ്ധതികളുമായി പ്രവര്‍ത്തിച്ചു വരുന്ന കാര്യം അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസം, സാമൂഹിക സംരക്ഷണം, ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ ഇത്തരം ഇടപെടലുകള്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷയും പുതിയ ജീവിതസാധ്യതകളും നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ തലമുറയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിനും കാലാനുസൃതമായ വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കുക, ഉന്നതവിദ്യാഭ്യാസത്തിനും തൊഴില്‍ സാധ്യതകള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശം ലഭ്യമാക്കുക, വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ മുന്‍ഗണനകളാകണം.
വിദ്യാഭ്യാസത്തെ സാമൂഹിക ശാക്തീകരണത്തിനുള്ള ഉപാധിയായി കാണണമെന്നും പ്രവാസി സമൂഹത്തിന്റെ അനുഭവസമ്പത്തും സംഘടനാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി നാട്ടിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറിവിനൊപ്പം ധാര്‍മിക മൂല്യങ്ങളും സഹിഷ്ണുതയും സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസ സമീപനമാണ് ഭാവിതലമുറയ്ക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ. റസാഖ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണയോഗം ഒ.കെ.എം. മൗലവി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ ഷാള്‍ അണിയിച്ച് ആദരിച്ചു. എ.കെ. ബാവ, ലത്തീഫ് കളരാന്തിരി, ഇസഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, ശിഹാബ് താമരക്കുളം എന്നിവര്‍ പ്രസംഗിച്ചു. വി.പി. മുസ്തഫ സ്വാഗതവും അബ്ദുറഹ്‌മാന്‍ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.
Related News