റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യത്തെ തുടര്‍ന്ന് റിയാദ് വിമാനത്താവളത്തില്‍ യാത്രാ-കാര്‍ഗോ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത് പ്രവാസി സമൂഹത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും, വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യന്‍ എംബസിയും അടിയന്തരമായി ഇടപെടണമെന്നും തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.
സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തതോടെ, നാട്ടിലേക്ക് പോകേണ്ടവരും അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങേണ്ടവരുമായ നൂറുകണക്കിന് പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. ലഭ്യമായ മറ്റു വിമാന സര്‍വീസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത് യാത്രക്കാരെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാക്കുന്നു.
എന്നാല്‍, സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടുകളേക്കാള്‍ അടിയന്തര പരിഗണന അര്‍ഹിക്കുന്ന വിഷയമാണ് റിയാദില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ നേരിടുന്ന തടസ്സങ്ങളെന്ന് ഫോറം ചൂണ്ടിക്കാട്ടി. ആവശ്യത്തിന് കാര്‍ഗോ വിമാന സൗകര്യം ലഭ്യമല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ ദിവസങ്ങളോളം മോര്‍ച്ചറികളില്‍ സൂക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്.
നിലവില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ദമ്മാം അല്ലെങ്കില്‍ ജിദ്ദ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ദമ്മാം വഴി സൗകര്യം ലഭിക്കാത്ത പക്ഷം റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് റോഡ് മാര്‍ഗം പത്ത് മണിക്കൂറിലധികം യാത്ര ചെയ്ത് മൃതദേഹം എത്തിക്കേണ്ടിവരുന്നത് കുടുംബങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും വലിയ പ്രയാസമുണ്ടാക്കുന്നു. ലഭ്യമായ വിമാനങ്ങളിലെ കാര്‍ഗോ സൗകര്യം പരിമിതമായതിനാല്‍ ഒരേസമയം കൂടുതല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.
യാത്രക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. റിയാദില്‍ നിന്ന് നേരിട്ടുള്ള യാത്രാ സൗകര്യങ്ങള്‍ പരിമിതമായതോടെ ദമ്മാം, ജിദ്ദ തുടങ്ങിയ വിമാനത്താവളങ്ങളെയോ ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ വിമാനത്താവളങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നു. കുടുംബങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വിസ കാലാവധി അവസാനിക്കാനിരിക്കുന്നവരും അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടവരും കടുത്ത ആശങ്കയിലാണ്.
ഈ അടിയന്തര സാഹചര്യം പരിഗണിച്ച് സൗദിയയുടെ തിരുവനന്തപുരം സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനും, തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ 'പോയിന്റ് ഓഫ് കോള്‍' അനുമതി ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധിയില്‍ ദമ്മാം ഉള്‍പ്പെടെയുള്ള സൗദി വിമാനത്താവളങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സൗദിയ സര്‍വീസ് ലഭ്യമാക്കുന്നത് തെക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.
പ്രത്യേകിച്ച്, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന വിഷയത്തിന് മാനുഷിക പരിഗണന നല്‍കി അടിയന്തര ബദല്‍ കാര്‍ഗോ സംവിധാനം ഒരുക്കണം. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കേരള സര്‍ക്കാര്‍, റിയാദിലെ ഇന്ത്യന്‍ എംബസി എന്നിവ സൗദി അധികൃതരുമായും വിമാനക്കമ്പനികളുമായും അടിയന്തര ചര്‍ച്ച നടത്തണമെന്നും ഫോറം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തെ ഒരു സാധാരണ വിമാനയാത്രാ പ്രശ്‌നമായി മാത്രം കാണരുത്. പ്രവാസികളുടെ തൊഴില്‍, വിസ, കുടുംബയാത്ര, അടിയന്തര ചികിത്സ, ഉംറ തീര്‍ഥാടകരുടെ മടക്കയാത്ര, മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സമയബന്ധിതമായി നാട്ടിലെത്തിക്കല്‍ തുടങ്ങിയ നിരവധി മാനുഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണിതെന്നും ഫോറം വ്യക്തമാക്കി.
തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര, ട്രഷറര്‍ ബഷീര്‍ കോട്ടയം, മീഡിയ കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
Related News