ദോഹ- ഗള്‍ഫ് മേഖലയെ വരിഞ്ഞുമുറുക്കുന്ന യുദ്ധത്തിന് അയവുവരുത്താനുള്ള നിര്‍ണ്ണായക നയതന്ത്ര നീക്കങ്ങളുമായി സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇറാനിലെത്തി. റിയാദ് വിമാനത്താവളത്തിനും സൗദി എണ്ണ നിലയങ്ങള്‍ക്കും നേരെ യെമനിലെ ഹൂത്തി വിമതര്‍ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ട സാഹചര്യത്തിലാണ് അടിയന്തര സന്ദര്‍ശനം.
ഓഗസ്റ്റില്‍ നിലവില്‍ വന്ന 'മക്ക സംയുക്ത പ്രതിരോധ കരാറില്‍' ഒപ്പുവെച്ച ഈ മൂന്ന് രാജ്യങ്ങളും ഇറാനുമായി നടത്തുന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിത്. യു.എസും ഇസ്രായേലും ഇറാനില്‍ നടത്തിയ വ്യോമാക്രമണങ്ങളോടെ ആരംഭിച്ച യുദ്ധം പിന്നീട് സൗദി അറേബ്യയിലേക്കും യെമനിലേക്കും പടരുകയായിരുന്നു.
മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും നയതന്ത്ര സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദര്‍ശനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വീണ്ടുമൊരു സൈനിക ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ചര്‍ച്ചകളുടെ വഴി തുറക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സൗദി കൂട്ടിച്ചേര്‍ത്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍, പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിന്‍ എന്നിവരാണ് സൗദിയെയും പാകിസ്ഥാനെയും തുര്‍ക്കിയെയും പ്രതിനിധീകരിച്ച് എത്തുന്നതെന്ന് സൗദി-ഇറാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലുമായി സംഘം നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി അലി ബഖേരി-കാനി ഔദ്യോഗിക ടെലിവിഷനോട് പറഞ്ഞു.
യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പാകിസ്ഥാനും ഖത്തറും മുന്നിലുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഖത്തറില്‍ നിന്നുള്ള ദൂതന്മാര്‍ തെഹ്റാനില്‍ ചര്‍ച്ച നടത്തിയിരുന്നു. ജൂണില്‍ താല്‍ക്കാലിക സമാധാന കരാറിലെത്താന്‍ മുന്‍ ശ്രമങ്ങള്‍ സഹായിച്ചിരുന്നെങ്കിലും, ഇറാനും യു.എസും തമ്മിലുള്ള പോരാട്ടം താമസിയാതെ പുനരാരംഭിച്ചു. തുടര്‍ന്ന് ഇറാന്റെ പിന്തുണയുള്ള ഹൂതികളും യു.എസ് സഖ്യകക്ഷിയായ സൗദി അറേബ്യയും തമ്മില്‍ പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുകയായിരുന്നു.
പുതിയ ആക്രമണ ഭീഷണിയുമായി യു.എസും ഇറാനും
സംഘര്‍ഷം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുകയും ആഗോളതലത്തില്‍ എണ്ണ, വാതക വില കുത്തനെ ഉയരുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണ ഭീഷണി നേരിടുമ്പോള്‍ യെമനില്‍ പുതിയൊരു മാനുഷിക പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്.
വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള ബന്ധം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വഷളായിട്ടുണ്ട്. ഇറാനെതിരെ മറ്റൊരു സൈനിക നടപടി കൂടി യു.എസ് നടത്തിയേക്കുമെന്ന് വെള്ളിയാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, യു.എസും ഇസ്രായേലും വീണ്ടും ആക്രമണം നടത്തിയാല്‍ ഗള്‍ഫ് മേഖലയിലെ കടലിനടിയിലൂടെയുള്ള കമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ തകര്‍ക്കാന്‍ തെഹ്റാന്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.
യു.എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം നിര്‍ണ്ണയിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇറാന്‍ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള പോരാട്ടം പുനരാരംഭിച്ചത് പ്രസിഡന്റ് ട്രംപിന്റെ ജനപ്രീതിയെ ബാധിച്ചിട്ടുണ്ട്.
'ഇസ്രായേലിന്റെ നയങ്ങള്‍, ഫലസ്തീനിലും ലെബനനിലും നടക്കുന്ന സംഭവവികാസങ്ങള്‍, ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേല്‍ സൈനിക നടപടികളുടെ പ്രത്യാഘാതങ്ങള്‍' എന്നിവ തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബഖായി അറിയിച്ചു.
കഴിഞ്ഞ ആഴ്ച ജനറല്‍ അസിം മുനീര്‍ തെഹ്റാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ യോഗം നിര്‍ദ്ദേശിക്കപ്പെട്ടത്. പ്രാദേശിക സുരക്ഷാ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാകാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ ആക്രമണരഹിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് മുതിര്‍ന്ന പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍, സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍, ഹോര്‍മുസ് കടലിടുക്ക്, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള യു.എസ് ഉപരോധം എന്നിവയും അജണ്ടയിലുണ്ട്.
എന്നാല്‍, യു.എസ് ഉപരോധം അവസാനിപ്പിക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള വിലക്കുകള്‍ നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ വാഷിംഗ്ടണുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലയ്ക്കാതെ ഹൂതി ആക്രമണങ്ങള്‍
കഴിഞ്ഞ മാസം യെമന്റെ ചെങ്കടല്‍ തീരത്തുള്ള തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുത്ത ഹൂതികള്‍ക്കെതിരെ സൗദി അറേബ്യ സൈനിക ആക്രമണം ശക്തമാക്കിയിരുന്നു. മറുപടിയായി സൗദി വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, എണ്ണ നിലയങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികള്‍ തിരിച്ചടിക്കുന്നത്.
ഒപ്പുവെച്ച രാജ്യങ്ങളുടെ പ്രാദേശിക സമഗ്രതക്കോ പരമാധികാരത്തിനോ ഭീഷണിയുണ്ടായാല്‍ അത് ഇല്ലാതാക്കാന്‍ 'ആവശ്യമായ എല്ലാ മാര്‍ഗങ്ങളും' ഉപയോഗിക്കുമെന്ന് മക്ക സംയുക്ത പ്രതിരോധ കരാര്‍ വ്യക്തമാക്കുന്നു. ഈ കരാറിലെ അംഗങ്ങള്‍ ഈ മാസം റിയാദില്‍ അടിയന്തര യോഗം ചേര്‍ന്ന് സൗദി അറേബ്യയില്‍ സൈനിക വ്യൂഹങ്ങളെ അതിവേഗം വിന്യസിക്കാന്‍ ധാരണയായിരുന്നു.
കരാര്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ തുര്‍ക്കി പാര്‍ലമെന്റില്‍ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ കഴിഞ്ഞ ആഴ്ച തന്നെ മക്ക കരാറിന് അംഗീകാരം നല്‍കിയിരുന്നു.
Related News