റിയാദ്: യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.
സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുനശിപ്പിച്ചതായാണ് അദ്ദേഹത്തിന്റെ വിശദീകരണം.
സൗദി സിവില്‍ ഡിഫന്‍സ് റിയാദില്‍ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി അറിയിച്ച് മുന്നറിയിപ്പ് പിന്‍വലിക്കുകയും ചെയ്തു. അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ ഏജന്‍സി പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കി.
സുരക്ഷാ നിര്‍ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും സംഭവങ്ങള്‍ ചിത്രീകരിക്കാനോ വീഡിയോ പകര്‍ത്താനോ ശ്രമിക്കരുതെന്നും സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം മേഖലയില്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസം.
Related News