ദുബായ്: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) സംയുക്ത വ്യോമ-കരസേനാ നീക്കങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനായി കുവൈത്തില്‍ ഫോര്‍വേഡ് മിലിട്ടറി കമാന്‍ഡ് (Forward Military Command) സ്ഥാപിക്കാന്‍ ജിസിസി പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ധാരണയായി. പ്രത്യേക സേനാ വ്യൂഹത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആസ്ഥാനം സുരക്ഷാ ഭീഷണികളോട് വേഗത്തില്‍ പ്രതികരിക്കാന്‍ സജ്ജമായിരിക്കും. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയാണ് ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സാധ്യമായ സുരക്ഷാ ഭീഷണികളുള്ള പ്രദേശങ്ങള്‍ക്ക് തൊട്ടടുത്തായി വേഗത്തിലുള്ള പ്രതികരണത്തിനും സേനാ വിന്യാസത്തിനും പ്രാപ്തമായ രീതിയിലാണ് 'ഫോര്‍വേഡ് കമാന്‍ഡുകള്‍' സജ്ജമാക്കുന്നത്. ഇറാഖ്, സൗദി അറേബ്യ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നതും പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ ഇറാനെ അഭിമുഖീകരിക്കുന്നതുമായ കുവൈത്തിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം മുന്‍നിര്‍ത്തിയാണ് നീക്കം. ആറ് അംഗരാജ്യങ്ങളുടെയും സായുധ സേനകളെ ഏകോപിപ്പിക്കുന്ന ജിസിസിയുടെ യൂണിഫൈഡ് മിലിട്ടറി കമാന്‍ഡിന് കീഴിലാണ് പുതിയ ഫോര്‍വേഡ് ആസ്ഥാനം പ്രവര്‍ത്തിക്കുക.
മനാമയില്‍ ബഹ്‌റൈന്‍ പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ബിന്‍ ഹസ്സന്‍ അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 23-ാമത് ജിസിസി ജോയിന്റ് ഡിഫന്‍സ് കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
പൊതുവായ സുരക്ഷാ ഭീഷണികളെ നേരിടുന്നതിനും സംയുക്ത സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഏപ്രിലില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രത്യേക ഉച്ചകോടിയില്‍ ജിസിസി ഭരണാധികാരികള്‍ നല്‍കിയ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായാണ് തീരുമാനമെന്ന് ജാസിം അല്‍ ബുദൈവി പറഞ്ഞു. മേഖലയിലെ ഇറാനിയന്‍ അക്രമങ്ങള്‍ക്കെതിരെ അംഗരാജ്യങ്ങള്‍ കാഴ്ചവെച്ച ഉയര്‍ന്ന തലത്തിലുള്ള സൈനിക സഹകരണത്തെയും ഏകോപനത്തെയും അദ്ദേഹം പ്രശംസിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ പരസ്പര ബന്ധിതവും സംയുക്തമായ ഉത്തരവാദിത്തവുമാണെന്ന് ഇത് തെളിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിസിസി രാജ്യങ്ങള്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ സെക്രട്ടറി ജനറല്‍ ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
സൗദി അറേബ്യക്ക് നേരെയും പുണ്യസ്ഥലങ്ങള്‍ക്ക് നേരെയും ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമാണ്. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും ജിസിസി രാജ്യങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും, 'സൗദിയുടെ സുരക്ഷ മറ്റ് എല്ലാ ജിസിസി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്' എന്നും അല്‍ ബുദൈവി വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനായുള്ള നിരവധി സുപ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടതായും സെക്രട്ടറി ജനറല്‍ അറിയിച്ചു.
Related News