ജിദ്ദ- നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ കൂട്ടിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന് (സവ) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭൂരിഭാഗം പ്രവാസികള്‍ക്കും ഇതോടെ ഈ ഇന്‍ഷുറന്‍സ് പദ്ധതി അപ്രാപ്യമായിരിക്കുകയാണെന്ന് സവ ഭാരവാഹികള്‍ പറഞ്ഞു.
പ്രീമിയം തുക കുറഞ്ഞതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികളൊന്നും ഈ പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്നില്ലെന്നാണ് പ്രീമിയം വര്‍ധിപ്പിച്ചതിന് നീതീകരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്കായി അധികമായി വരുന്ന പ്രീമിയം തുക വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സവ ആവശ്യപ്പെട്ടു. പ്രമുഖ പ്രവാസി സംഘടനയുടെ രാഷ്ട്രീയ കക്ഷിക്ക് സജീവ പങ്കാളിത്തമുണ്ടായിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകാതെ വരുന്നത് സങ്കടകരമാണെന്നും അവര്‍ പറഞ്ഞു.
പ്രവാസി പെന്ഷന് പദ്ധതിയില്‍ അറുപതു കഴിഞ്ഞ പ്രവാസികളില്‍ ഏതാനും മാസം മാത്രം കുടിശ്ശിയുള്ളവര്ക്ക് അത് അടച്ചു തീര്‍ക്കാന്‍ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുളള നിവേദനം മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നല്‍കുമെന്ന് സവ ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് പാനൂരാണ് പ്രമേയം അവതരിപ്പിച്ചത്.
Related News