കൊല്ലം: രാമായണം സിനിമയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച് ജടായുവിന്റെ കഥയും കേരളത്തിലെ ജടായു ശില്‍പവും. കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്റര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സാംസ്‌കാരികടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തായിരിക്കും ആദ്യം കേന്ദ്രം സന്ദര്‍ശിക്കുക. അതിനു ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ജടായു എര്‍ത്ത് സെന്ററിന്റെ സൃഷ്ടാവായ രാജീവ് അഞ്ചലുമായി രണ്ട് ദിവസം മുമ്പ് ഷെഖാവത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹി ബിനാലെയില്‍ ജടായുവിന്റെ സാന്നിധ്യം ഉറപ്പാക്കാനുള്ള താല്‍പര്യം അദ്ദേഹം പ്രകടിപ്പിച്ചതായും ഈ നിര്‍ദേശം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും സുരേഷ് ഗോപി പറഞ്ഞു.
ചടയമംഗലത്തെ മലമുകളില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ജടായു ശില്‍പം ഇപ്പോള്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. രാമായണത്തിലെ സീതാപഹരണവുമായി ബന്ധപ്പെട്ട ജടായുവിന്റെയും രാവണന്റെയും പോരാട്ടത്തിന്റെ അവസാനഘട്ടമാണ് ശില്‍പത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സീതയെ രാവണനില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ജടായുവിന്റെ ചിറകുകള്‍ രാവണന്‍ വെട്ടിമാറ്റിയെന്നാണ് ഇതിഹാസത്തിലെ വിവരണം.
2004ലാണ് ജടായു എര്‍ത്ത് സെന്റര്‍ പദ്ധതിക്ക് അനുമതി ലഭിച്ചത്. ജടായു നേച്ചര്‍ പാര്‍ക്ക് എന്നും അറിയപ്പെടുന്ന ഈ പദ്ധതി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായാണ് വിഭാവനം ചെയ്തത്. ചലച്ചിത്രകാരനും ശില്‍പിയുമായ രാജീവ് അഞ്ചലാണ് പദ്ധതി രൂപകല്‍പന ചെയ്ത് വികസിപ്പിച്ചത്.
രാമായണത്തിലെ ജടായുവിന്റെ പോരാട്ടം സിനിമയില്‍ അവതരിപ്പിച്ചതോടെ ചടയമംഗലത്തെ ശില്‍പത്തെക്കുറിച്ചും കേന്ദ്രത്തെക്കുറിച്ചുമുള്ള പൊതുജനശ്രദ്ധ വര്‍ധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും നിര്‍ദിഷ്ട സന്ദര്‍ശനവും ഡല്‍ഹി ബിനാലെയില്‍ ജടായുവിനെ അവതരിപ്പിക്കാനുള്ള നീക്കവും ഈ വിനോദസഞ്ചാര കേന്ദ്രത്തിന് കൂടുതല്‍ ദേശീയ ശ്രദ്ധ ലഭിക്കാനുള്ള സാധ്യത തുറക്കുന്നു.
Related News