ന്യൂഡല്‍ഹി: ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ നിര്‍ണായക നേട്ടം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഷ്‌കറെ ത്വയ്ബ ഭീകരന്‍ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടതോടെ കശ്മീരില്‍ ഇന്ത്യയില്‍ ജനിച്ച ഭീകരരുടെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതായെന്ന് അദ്ദേഹം അവകാശപ്പെട്ടു. 35 വര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ദ്വിദിന ഭീകരവിരുദ്ധ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായി ഭീകരവാദത്തിന്റെ ഇരയായ രാജ്യമാണ് ഇന്ത്യയെന്നും അതിനെതിരായ പോരാട്ടം വിവിധ തലങ്ങളില്‍ തുടരുകയാണെന്നും അമിത് ഷാ പറഞ്ഞു.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ദ്വാരക മുതല്‍ കാമാഖ്യ വരെയും രാജ്യത്തുടനീളം ഏകീകൃത ഭീകരവിരുദ്ധ പ്രവര്‍ത്തന സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ പോലീസ് സ്‌റ്റേഷന്‍ തലത്തിലും ഒരേ തന്ത്രവും ഏകോപിത പ്രവര്‍ത്തനവും ഉറപ്പാക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.
ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണമായും തകര്‍ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക അന്വേഷണ ഏജന്‍സികളും രഹസ്യാന്വേഷണ വിഭാഗങ്ങളും പോലീസും തമ്മില്‍ കൂടുതല്‍ ഏകോപനം വേണം. ഭീകരശൃംഖലയുടെ എല്ലാ കണ്ണികളെയും ഒരുമിച്ച് ലക്ഷ്യമിട്ടുള്ള സമഗ്രമായ നടപടികളിലൂടെ മാത്രമേ വിജയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഷഹ്‌സാദ് ഭട്ടി ശൃംഖലയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ യു.എ.പി.എ പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചതായും അമിത് ഷാ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ശൃംഖലയുമായി ബന്ധപ്പെട്ട 40ലധികം മൊഡ്യൂളുകള്‍ പ്രവര്‍ത്തനരഹിതമാക്കി. ഇതുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 271ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭീകരാക്രമണം നടത്തുന്നതിന് മുമ്പുതന്നെ ഭീകരരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുന്നതാണ് ഒരു അന്വേഷണ ഏജന്‍സിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഈ മാതൃക സംസ്ഥാന പോലീസുകള്‍ പഠിച്ച് സ്വന്തം മേഖലകളില്‍ നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.
വിദേശരാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ ഇന്ത്യയിലെത്തിക്കുന്നതിനായി 2019 മുതല്‍ ആരംഭിച്ച പ്രത്യേക ദൗത്യത്തിലൂടെ 36 രാജ്യങ്ങളില്‍നിന്നായി 303 പേരെ തിരിച്ചെത്തിച്ചതായും അമിത് ഷാ വെളിപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സി.ബി.ഐയും രഹസ്യാന്വേഷണ ഏജന്‍സികളും ഇതിനായി പ്രത്യേക ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് വ്യാപാരം എന്നീ മൂന്ന് വെല്ലുവിളികളും പൂര്‍ണമായി ഇല്ലാതാക്കണമെങ്കില്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടിയ കുറ്റവാളികളെയും ആസൂത്രകരെയും ഇന്ത്യന്‍ നിയമത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ ആശയങ്ങളിലേക്കുള്ള യുവാക്കളുടെ ആകര്‍ഷണം തടയുന്നതിനുള്ള ഏകീകൃത കര്‍മപദ്ധതി 2019 സെപ്റ്റംബറില്‍ തയ്യാറാക്കിയതായും വിവിധ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം ഡിസംബറില്‍ അന്തിമരൂപം നല്‍കിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു.
Related News