ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റായ പി.യു.സി പുതുക്കുന്നതിനുള്ള കാലാവധിയില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ ബി.എസ്-6 നിലവാരത്തിലുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ കാലാവധി അനുവദിക്കുമ്പോള്‍ പഴയ വാഹനങ്ങള്‍ക്ക് നിലവിലുള്ളതോ കുറഞ്ഞതോ ആയ പുതുക്കല്‍ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
ആറു വര്‍ഷം വരെ പഴക്കമുള്ള സ്വകാര്യ ബി.എസ്6 വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പി.യു.സി സര്‍ട്ടിഫിക്കറ്റ് പുതുക്കിയാല്‍ മതി. ആറു വര്‍ഷത്തിലധികം, പത്ത് വര്‍ഷം വരെ പഴക്കമുള്ളവയ്ക്ക് വര്‍ഷത്തിലൊരിക്കല്‍ പുതുക്കണം. പത്ത് വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ക്ക് ആറു മാസം കൂടുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കണം.
ബി.എസ്6 നിലവാരത്തിലുള്ള വാണിജ്യ വാഹനങ്ങള്‍ക്കും കൂടുതല്‍ കാലാവധി അനുവദിച്ചിട്ടുണ്ട്. ആറു വര്‍ഷം വരെ പഴക്കമുള്ളവയ്ക്ക് രണ്ടു വര്‍ഷത്തിലൊരിക്കലും ആറു വര്‍ഷത്തിലധികം, പത്ത് വര്‍ഷം വരെ പഴക്കമുള്ളവയ്ക്ക് വര്‍ഷത്തിലൊരിക്കലുമാണ് പുതുക്കല്‍. പത്ത് വര്‍ഷം പിന്നിട്ട വാണിജ്യ വാഹനങ്ങള്‍ക്ക് ആറു മാസം കൂടുമ്പോള്‍ പുതുക്കല്‍ നിര്‍ബന്ധമാണ്.
ബി.എസ്1, ബി.എസ്1, ബി.എസ്3 നിലവാരത്തിലുള്ള വാഹനങ്ങളുടെ പിയുസി സര്‍ട്ടിഫിക്കറ്റിന് മൂന്നു മാസമാണ് കാലാവധി. ബി.എസ്4 വാഹനങ്ങള്‍ക്ക് ആറു മാസവും.
1988ലെ മോട്ടോര്‍ വാഹന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന (പതിനാറാം ഭേദഗതി) ചട്ടങ്ങള്‍, 2026 വഴിയാണ് മാറ്റങ്ങള്‍ വിജ്ഞാപനം ചെയ്തത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു.
സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന്റെ പ്രാബല്യ തീയതിയും ചട്ടഭേദഗതി വ്യക്തമാക്കുന്നു. നിലവിലെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള പത്ത് ദിവസത്തിനുള്ളില്‍ പുതുക്കലിന് അപേക്ഷിച്ചാല്‍ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി പഴയ സര്‍ട്ടിഫിക്കറ്റിന്റെ അവസാന തീയതി മുതല്‍ കണക്കാക്കും. കാലാവധി കഴിഞ്ഞശേഷമാണ് പുതുക്കുന്നതെങ്കില്‍ പുതുക്കിയ തീയതി മുതലായിരിക്കും പുതിയ സര്‍ട്ടിഫിക്കറ്റിന്റെ പ്രാബല്യം.
പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുതുക്കല്‍ നടത്തുമ്പോഴാണ് പുതുക്കിയ കാലാവധി ബാധകമാകുക.
Related News