സൂറിച്ച്: ടൈപ്പ് 2 പ്രമേഹ ചികിത്സയില്‍ ഇന്‍സുലിനും പരമ്പരാഗത മരുന്നുകള്‍ക്കും പകരമാകാന്‍ സാധ്യതയുള്ള നൂതന ഇലക്ട്രോണിക് ഇംപ്ലാന്റ് വികസിപ്പിച്ചെടുത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗവേഷകര്‍. ശരീരത്തിലെ അധിക പഞ്ചസാരയെ നേരിട്ട് ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം വൈദ്യശാസ്ത്ര രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. സൂറിച്ചിലെ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ മാര്‍ട്ടിന്‍ ഫ്യൂസെനെഗറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ നേട്ടത്തിന് പിന്നില്‍.
വൈദ്യുത തരംഗങ്ങള്‍ ഉപയോഗിച്ച് രക്തത്തിലെ അധിക ഗ്ലൂക്കോസിനെ 'ഗ്ലൂക്കോണേറ്റ്' എന്ന പദാര്‍ത്ഥമാക്കി മാറ്റുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. അധികമുള്ള ഊര്‍ജ്ജം ശരീരത്തില്‍ കൊഴുപ്പായി അടിഞ്ഞുകൂടുന്നതിന് പകരം, ഗ്ലൂക്കോണേറ്റായി മാറുന്നതോടെ മൂത്രത്തിലൂടെ സ്വാഭാവികമായി പുറന്തള്ളപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്ക് കടത്തിവിടുന്ന പരമ്പരാഗത ഇന്‍സുലിന്‍ രീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണിതെന്ന് പ്രൊഫസര്‍ മാര്‍ട്ടിന്‍ ഫ്യൂസെനെഗര്‍ വിശദീകരിച്ചു. ഇന്‍സുലിന്‍ വഴി കോശങ്ങളിലേക്ക് എത്തുന്ന അധിക ഊര്‍ജ്ജം പിന്നീട് കൊഴുപ്പായി മാറാന്‍ സാധ്യതയുള്ളപ്പോള്‍, പുതിയ രീതിയിലൂടെ അധിക പഞ്ചസാരയെ ശരീരത്തില്‍നിന്ന് നേരിട്ട് നീക്കം ചെയ്യാന്‍ സാധിക്കുന്നു.
ഗ്രാഫൈറ്റ്, സ്വര്‍ണ്ണം, പ്ലാറ്റിനം തുടങ്ങിയ അജൈവ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഈ ഇംപ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഉപകരണത്തിന് കൂടുതല്‍ ഈടും സ്ഥിരതയും നല്‍കുന്നതിനൊപ്പം, ജൈവഘടകങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികള്‍ ഒഴിവാക്കാനും സഹായിക്കുന്നു. വയര്‍ലെസ് ആയി പ്രവര്‍ത്തിക്കുന്ന ഈ ഇംപ്ലാന്റ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം നിരീക്ഷിക്കുന്ന ഒരു സെന്‍സറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഗ്ലൂക്കോസിന്റെ അളവ് ഉയരുമ്പോള്‍ സെന്‍സര്‍ സ്മാര്‍ട്ട്ഫോണിലേക്കോ സ്മാര്‍ട്ട്വാച്ചിലേക്കോ സന്ദേശം അയക്കുകയും ഇംപ്ലാന്റ് സ്വയം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു. പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകുന്നതോടെ പ്രവര്‍ത്തനം തനിയെ നിലയ്ക്കുന്ന 'ക്ലോസ്ഡ്-ലൂപ്പ്' സംവിധാനമാണിത്.
പ്രമേഹബാധിതരായ എലികളില്‍ നടത്തിയ പ്രാഥമിക പരീക്ഷണങ്ങളില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും ഈ സാങ്കേതികവിദ്യക്ക് സാധിച്ചതായി കണ്ടെത്തി. അധിക ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിന് മുന്‍പ് തന്നെ പുറന്തള്ളപ്പെടുന്നതാണ് ഭാരം കുറയാന്‍ കാരണമാകുന്നത്. എങ്കിലും, ഈ സാങ്കേതികവിദ്യ നിലവില്‍ പ്രീ-ക്ലിനിക്കല്‍ ഘട്ടത്തില്‍ മാത്രമാണുള്ളതെന്നും മനുഷ്യരില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും ഗവേഷക സംഘം വ്യക്തമാക്കി. ദീര്‍ഘകാല സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിനുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ ഇന്‍സുലിനും മരുന്നുകള്‍ക്കും പകരമായി ഇത് ഉപയോഗിക്കാനാകൂ എന്നും ശാസ്ത്രജ്ഞര്‍ ഓര്‍മ്മിപ്പിക്കുന്നു.
Related News