ഹേഗ്: മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിം ജനവിഭാഗത്തിന് നേരെ രാജ്യത്തെ സുരക്ഷാ സേന കടുത്ത അതിക്രമങ്ങളും വംശഹത്യയും നടത്തിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി. വ്യാഴാഴ്ച നടന്ന നിര്‍ണ്ണായക വിധിന്യായത്തില്‍, മ്യാന്‍മര്‍ സൈന്യം ആയിരക്കണക്കിന് റോഹിങ്ക്യന്‍ സിവിലിയന്മാരെ കൊലപ്പെടുത്തുകയും വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടത്തുകയും ചെയ്തതായി കോടതി കണ്ടെത്തി.
കുട്ടികള്‍ക്ക് നേരെ അങ്ങേയറ്റം ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിട്ടതായും ബംഗ്ലാദേശിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യാന്‍ ശ്രമിച്ച റോഹിങ്ക്യകളെ സൈന്യം ആക്രമിച്ചതായും കോടതി വ്യക്തമാക്കി. 2016-2017 കാലഘട്ടത്തില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ സൈനിക നടപടികളില്‍ വംശഹത്യ നടന്നതായി ചൂണ്ടിക്കാട്ടി ഗാംബിയ നല്‍കിയ കേസിലാണ് കോടതിയുടെ ഈ ചരിത്രപരമായ വിധി.
വംശഹത്യാ ഉദ്ദേശ്യത്തോടെയാണ് മ്യാന്‍മര്‍ സൈന്യം പ്രവര്‍ത്തിച്ചതെന്ന് വിധി പ്രസ്താവനയില്‍ കോടതി നിരീക്ഷിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഈ വിധി അന്തിമമാണെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ കഴിയില്ലെന്നും നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2017-ലെ സൈനിക നടപടികളെത്തുടര്‍ന്ന് ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യകളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. നിലവില്‍ പത്ത് ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.