ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെ ബി.ജെ.പിയുടെ ഒബിസി മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധിയായാണ് ചാഹലിനെ നിയമിച്ചിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ചാഹല്‍ കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്്.
ബി.ജെ.പി ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷനും രാജ്യസഭാംഗവുമായ അമര്‍പാല്‍ മൗര്യയുമായി ചാഹല്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ ചാഹലിനും പുതിയ ചുമതല നല്‍കിയത്. പ്രമുഖ കായിക താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം പാര്‍ട്ടികളില്‍ ഉള്‍പ്പെടുത്തുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി, ചാഹലിന് സംഘടനാ ചുമതലയാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.
ചാഹലിന് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഒബിസി മോര്‍ച്ച അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യ പറഞ്ഞു. ഒബിസി വിഭാഗത്തിലെ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ചാഹലിന്റെ സാന്നിധ്യം സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രധാന തിരഞ്ഞെടുപ്പുകളൊന്നും അടുത്ത വര്‍ഷങ്ങളില്‍ നടക്കാനില്ലാത്ത ഡല്‍ഹിയില്‍ നിന്നാണ് ചാഹലിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തേക്കാള്‍ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളിലും യുവജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലുമാണ് ചാഹലിന്റെ നിയമനത്തിന് പ്രാധാന്യമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, അമര്‍പാല്‍ മൗര്യ എന്നിവരോട് നന്ദി അറിയിച്ച് ചാഹല്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടു. ക്രിക്കറ്റില്‍ സജീവമായി തുടരുന്നതിനൊപ്പം രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാനാണ് ചാഹലിന്റെ പുതിയ നീക്കം.
നര്‍ത്തകിയും കൊറിയോഗ്രാഫറുമായ ധനശ്രീ വര്‍മ്മയുമായുള്ള വിവാഹബന്ധം വിഛേദിച്ചതിനെത്തുടര്‍ന്ന് ചാഹല്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. 2020 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. 2022 മുതല്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഇവരുടെ 2025 മാര്‍ച്ചില്‍ പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി. ബന്ധം അവസാനിച്ചതോടെ ചാഹല്‍ കടുത്ത മാനസിക പ്രതിസന്ധിയിലായെന്നും മദ്യപാനം അമിതമായതിനെ തുടര്‍ന്ന് 26 ദിവസം പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സ തേടിയെന്നും പിന്നീട് വെളിപ്പെടുത്തി. വിവാഹമോചനത്തിനു ശേഷമുള്ള മാനസിക സമ്മര്‍ദവും ഉത്കണ്ഠയും തന്റെ ജീവിതത്തെ ബാധിച്ചിരുന്നുവെന്നും പ്രൊഫഷണല്‍ സഹായം തേടിയത് തിരിച്ചുവരവിന് നിര്‍ണായകമായെന്നും ചാഹല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Related News