ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ സമാജ്‌വാദി പാര്‍ട്ടി നാലംഗ സമിതിയെ നിയോഗിച്ചു. പാര്‍ട്ടിയുടെ ദേശീയ പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കോണ്‍ഗ്രസുമായും ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തുക.
ന്യൂഡല്‍ഹിയില്‍ ആരംഭിക്കുന്ന ചര്‍ച്ചകള്‍ രണ്ടു ദിവസം നീളും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ വസതിയിലായിരിക്കും യോഗം നടക്കുകയെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷയായ അരാധന മിശ്രയും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.
സമിതി രൂപീകരണത്തിലൂടെ ജാതി, സ്ത്രീ പ്രാതിനിധ്യം, പ്രാദേശിക സമവാക്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് അഖിലേഷ് യാദവ് രാഷ്ട്രീയ നീക്കം നടത്തിയിരിക്കുന്നത്. സീറ്റ് വിഭജനത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഏകോപിപ്പിക്കുകയും കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് വ്യക്തമായ നേതൃത്വവും ദിശയും നല്‍കുകയുമാണ് സമിതിയുടെ ചുമതല.
ഉത്തര്‍പ്രദേശില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തേണ്ടത് നിര്‍ണായകമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിച്ച് മികച്ച നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തില്‍, നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നു.
സീറ്റ് വിഭജനത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും സ്വീകാര്യമായ ധാരണയിലെത്തുന്നത് ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ നിര്‍ണായക ഘട്ടമായിരിക്കും. മണ്ഡലങ്ങളുടെ എണ്ണം, വിജയസാധ്യത, പ്രാദേശിക സ്വാധീനം, സ്ഥാനാര്‍ഥികളുടെ മികവ് എന്നിവ ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളാകുമെന്നാണ് പ്രതീക്ഷ.
ബ്രാഹ്മണ വോട്ടര്‍മാരെയും നഗരമേഖലകളിലെ വോട്ടര്‍മാരെയും സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് കൂടുതല്‍ ലക്ഷ്യമിടണമെന്ന നിര്‍ദേശമാണ് സമാജ്‌വാദി പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. പരമ്പരാഗതമായി ചില ജാതി വിഭാഗങ്ങളില്‍ സ്വാധീനമുള്ള എസ്.പി., കോണ്‍ഗ്രസിന്റെ പിന്തുണ വിപുലീകരിക്കുന്നതിനായി ബ്രാഹ്മണ വിഭാഗത്തിലേക്കും നഗര വോട്ടര്‍മാരിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നു.
ബിജെപിയോട് അതൃപ്തിയുള്ള, എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയോട് അടുക്കാന്‍ മടിക്കുന്ന ഉയര്‍ന്ന ജാതി വിഭാഗങ്ങളിലെ വോട്ടര്‍മാരെ കോണ്‍ഗ്രസിന് ആകര്‍ഷിക്കാനാകുമെന്നാണ് എസ്.പി വിലയിരുത്തല്‍. പ്രത്യേകിച്ച് ബ്രാഹ്മണ വോട്ടുകളില്‍ സ്വാധീനം ഉറപ്പാക്കുന്നത് സഖ്യത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണര്‍ ഏകദേശം 10-12 ശതമാനം വോട്ടര്‍മാരാണെന്നാണ് കണക്കാക്കപ്പെടുന്നത്. നൂറിലധികം നിയമസഭാ മണ്ഡലങ്ങളില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാകാറുണ്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണ വോട്ടുകളില്‍ വലിയൊരു വിഭാഗം ബിജെപിക്കൊപ്പമായിരുന്നു. ഈ പിന്തുണയില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
നഗരമേഖലകളിലും കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകണമെന്നാണ് എസ്.പി നിര്‍ദേശിക്കുന്നത്. നഗര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് താരതമ്യേന മെച്ചപ്പെട്ട സംഘടനാ അടിത്തറയും സ്വീകാര്യതയും ഉള്ള മേഖലകള്‍ കണ്ടെത്തി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിലൂടെ സഖ്യത്തിന് നേട്ടമുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഉയര്‍ന്ന ജാതി വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്.
ബ്രാഹ്മണ നേതാവ് ആരാധന മിശ്രയെ യു.പി കോണ്‍ഗ്രസ് അധ്യക്ഷയായി നിയമിച്ചത് ഈ സാമൂഹിക വിഭാഗത്തിലേക്കുള്ള പാര്‍ട്ടിയുടെ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ബ്രാഹ്മണര്‍, മുസ്ലിംകള്‍, ദളിതുകള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന വിശാലമായ സാമൂഹിക കൂട്ടായ്മ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
Related News