റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലുള്ള ധനകാര്യ തസ്തികകളില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഓഡിറ്റേഴ്‌സ് ആന്‍ഡ് അക്കൗണ്ടന്റ്‌സുമായി സഹകരിച്ചാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. 2027 മെയ് 23 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നടപടിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കാനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.
നിര്‍ദ്ദിഷ്ട തസ്തികകളില്‍ രണ്ടോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാകുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും നിശ്ചിത സ്വദേശിവല്‍ക്കരണ നിരക്ക് കൈവരിക്കുന്നതിനുമായി പ്രഖ്യാപന തീയതി മുതല്‍ ആറ് മാസത്തെ സാവകാശം സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ സ്‌പെഷ്യലിസ്റ്റ്, ഇന്‍വെസ്റ്റ്മെന്റ് സ്‌പെഷ്യലിസ്റ്റ്, ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് സ്‌പെഷ്യലിസ്റ്റ്, ഫിനാന്‍ഷ്യല്‍ പ്രൊഡക്ട് ഡെവലപ്മെന്റ് സ്‌പെഷ്യലിസ്റ്റ്, ട്രഷറി സ്‌പെഷ്യലിസ്റ്റ്, ക്രെഡിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് കണ്‍ട്രോള്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഗവണ്‍മെന്റ് റവന്യൂ സ്‌പെഷ്യലിസ്റ്റ്, ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് മാനേജര്‍, ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍, ഇന്‍വെസ്റ്റ്മെന്റ് എക്‌സ്‌പെര്‍ട്ട്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ഫിനാന്‍ഷ്യല്‍ എക്‌സ്‌പെര്‍ട്ട് എന്നീ 17 തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്.
തീരുമാനം നടപ്പാക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി വിപുലമായ ആനുകൂല്യ പാക്കേജുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഴിവുള്ള തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനും നിര്‍ദ്ദേശിക്കുന്നതിനുമുള്ള സഹായം, പരിശീലനവും യോഗ്യതയും ഉറപ്പാക്കല്‍, തൊഴില്‍ സ്ഥിരതക്കുള്ള പിന്തുണ, നിലവിലുള്ള സ്വദേശിവല്‍ക്കരണ പദ്ധതികളില്‍ മുന്‍ഗണന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
നിയമലംഘനംമൂലമുണ്ടാകുന്ന പിഴകളും മറ്റ് നിയമനടപടികളും ഒഴിവാക്കുന്നതിനായി സ്ഥാപനങ്ങള്‍ മന്ത്രാലയം പുറത്തിറക്കിയ നടപടിക്രമ ഗൈഡ് കൃത്യമായി പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ മികച്ച തസ്തികകളിലേക്ക് സ്വദേശി പ്രതിഭകളെ പ്രാപ്തരാക്കാനുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം.
Related News