ദമ്മാം: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി 'ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമ്മാം, അല്‍ ഖോബാര്‍ യൂത്ത് വിങ്ങുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഏകദിന കൗമാര വിദ്യാര്‍ത്ഥി സംഗമം 'ടീന്‍സ്‌പേസ്' സമാപിച്ചു. ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ 200-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
അബ്ദുല്‍ ജബ്ബാര്‍ മദീനി സംഗമം ഉദ്ഘാടനം ചെയ്തു. കൗമാരക്കാര്‍ നേരിടുന്ന ലഹരി ഉപയോഗം, അനിയന്ത്രിതമായ ലിബറലിസം തുടങ്ങിയ വെല്ലുവിളികളെക്കുറിച്ചും ധാര്‍മിക ബോധവും ആത്മവിശ്വാസവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മൂസ, നൗഷാദ്, സക്കരിയ, ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
'ഞാന്‍ ആര്?', 'സൗഹൃദവും കൂട്ടായ്മയുടെ സമ്മര്‍ദങ്ങളും ഫോമോയും', 'ഇസ്ലാമിക ചരിത്രത്തിലെ കൗമാരക്കാര്‍', 'സ്‌ക്രീന്‍ ടൈം: ഡോപാമിനും പരിഹാരങ്ങളും' തുടങ്ങിയ വിഷയങ്ങളില്‍ ഉസാമ ബിന്‍ ഫൈസല്‍ മദീനി, ഇബ്രാഹിം അല്‍ ഹികമി, അജ്മല്‍ ഫൗസാന്‍ അല്‍ ഹികമി, അര്‍ഷദ് ബിന്‍ ഹംസ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അബ്ദുല്‍ ജബ്ബാര്‍ മദീനി സമാപന പ്രഭാഷണം നടത്തി.
സംഗമത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'തദ്കിറ' എന്ന പേരില്‍ പ്രതിമാസ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പ്രഖ്യാപിച്ചു.
ഐസ് ബ്രേക്കിംഗ് ഗെയിമുകള്‍, ക്വിസ്, പീസ് റേഡിയോ പരിചയപ്പെടുത്തല്‍, പ്രഭാഷകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചോദ്യോത്തര പാനല്‍, കൗണ്‍സിലിംഗ് ഡെസ്‌ക് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. നാസിഷ് നന്ദി രേഖപ്പെടുത്തി.
Related News