മസ്‌കറ്റ്/ലണ്ടന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ടാങ്കറുകള്‍ക്ക് നേരെ അജ്ഞാത പ്രൊജക്ടൈലുകള്‍ (മിസൈല്‍/ഷെല്‍) പതിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ഈ ജലപാതയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.
ഒമാന്‍ സുല്‍ത്താനേറ്റിലെ ഖസബിന് 11 നോട്ടിക്കല്‍ മൈല്‍ വടക്ക് മാറി ഗ്രീനിച്ച് സമയം രാവിലെ അഞ്ച് മണിക്കാണ് ആദ്യ സംഭവം നടന്നതെന്ന് ബ്രിട്ടീഷ് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പരിസ്ഥിതിക്കുണ്ടായ ആഘാതത്തിന്റെ വ്യാപ്തി സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഏജന്‍സി അറിയിച്ചു.
ഇതേ കടലിടുക്കില്‍ നിന്ന് പുറത്തേക്ക് കടക്കുകയായിരുന്ന രണ്ടാമത്തെ ടാങ്കറിന്റെ എഞ്ചിന്‍ റൂമില്‍ അജ്ഞാത പ്രൊജക്ടൈല്‍ പതിച്ചതായും ഏജന്‍സിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഖസബിന് 17 നോട്ടിക്കല്‍ മൈല്‍ കിഴക്കായാണ് ഈ ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടരുകയാണെന്നും, ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും യുകെഎംടിഒയുടെ നിര്‍ദ്ദേശമുണ്ട്.
ഒമാനിലെ ഖസബ് തീരത്തുനിന്ന് ഏകദേശം 8 നോട്ടിക്കല്‍ മൈല്‍ അകലെ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ഒരു എണ്ണ ടാങ്കറിന് നേരെ പ്രൊജക്ടൈല്‍ ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്കകമാണ് പുതിയ സംഭവങ്ങള്‍ അരങ്ങേറിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ മേഖലയില്‍ ടാങ്കറുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും നേരെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്. കപ്പലുകളില്‍ സ്‌ഫോടനങ്ങളും തീപിടിത്തവും ഉണ്ടായതായി ഇറാനിയന്‍ ഏജന്‍സികളും യുകെഎംടിഒയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടല്‍ മൈനുകളില്‍ ഇടിച്ചതാണ് അപകടകാരണമെന്നും, അതല്ല തങ്ങളുടെ സമുദ്ര നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അനധികൃത പാതകളിലൂടെ സഞ്ചരിച്ച കപ്പലുകള്‍ക്ക് നേരെയാണ് നടപടിയുണ്ടായതെന്നും തുടങ്ങി വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയുടെ കണക്കുകള്‍ പ്രകാരം നവംബറിലെ ആദ്യ പത്ത് ദിവസങ്ങളില്‍ മാത്രം കുറഞ്ഞത് പത്ത് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഫെബ്രുവരി അവസാനം യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്കായ 37 ആക്രമണങ്ങളാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്.
ലോകത്തിലെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ ഈ സംഭവവികാസങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇവിടുത്തെ കപ്പല്‍ ഗതാഗതത്തിനുണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കുകയും അന്താരാഷ്ട്ര വ്യാപാര വിപണികളില്‍ വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്യും.
Related News