റിയാദ്/മനാമ: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലക്ക് നേരെയും റിയാദ് പ്രവിശ്യ ലക്ഷ്യമാക്കിയും ഹൂതി ഭീകരര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും ഡ്രോണും വ്യോമപ്രതിരോധ സേന തകര്‍ത്തു. ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം പടിഞ്ഞാറന്‍ മേഖലയ്ക്ക് നേരെ അയച്ച ഒരു ബാലിസ്റ്റിക് മിസൈലും, പിന്നീട് റിയാദ് പ്രവിശ്യ ലക്ഷ്യമാക്കി അയച്ച ഒരു ഡ്രോണുമാണ് ആകാശത്തുവെച്ച് തന്നെ നിര്‍വീര്യമാക്കിയതെന്ന് യെമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
അതേസമയം, ബഹ്റൈന്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി. ഭിന്നശേഷിക്കാരനായ ഒരു ബഹ്റൈന്‍ പൗരനും പാകിസ്ഥാന്‍ സ്വദേശിയായ പ്രവാസിക്കുമാണ് ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്. ബഹ്റൈന്‍ പൗരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ പാകിസ്ഥാന്‍ സ്വദേശിയുടെ നില ഗുരുതരമാണെന്നും മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ ആവശ്യമായ ചികിത്സ നല്‍കി വരികയാണ്.
നേരത്തെ ബഹ്റൈനിലെ ഒരു സിവിലിയന്‍ വ്യവസായ കേന്ദ്രത്തിന് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് തീപിടുത്തമുണ്ടായെങ്കിലും സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. ഈ സംഭവത്തില്‍ ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചതല്ലാതെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ഇറാന്‍ നടത്തിയ നിരവധി വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ മിസൈല്‍ അവശിഷ്ടങ്ങള്‍ താഴെ വീണ് ചെറിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏത് ആക്രമണത്തെയും നേരിടാന്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്നും സേന വ്യക്തമാക്കി. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും സംയമനം പാലിക്കണമെന്നും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക വാര്‍ത്താ ഉറവിടങ്ങള്‍ മാത്രം പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Related News