റിയാദ്: സൗദി അറേബ്യ സന്ദര്‍ശനത്തിനെത്തിയ ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റൂമെന്‍ റാദേവിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് റിയാദില്‍ സ്വീകരിച്ചു. ഔദ്യോഗിക സ്വീകരണത്തിന് ശേഷം ഇരുനേതാക്കളും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ചയും ചര്‍ച്ചകളും നടന്നു.
കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയും ബള്‍ഗേറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളും, വിവിധ മേഖലകളിലെ സഹകരണവും അവ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇരുനേതാക്കളും അവലോകനം ചെയ്തു. ഇതിനുപുറമെ, ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സമാധാന ശ്രമങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
സ്വീകരണ ചടങ്ങിലും ചര്‍ച്ചയിലും സൗദി ഭാഗത്തുനിന്ന് റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് രാജകുമാരന്, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്, സഹമന്ത്രിയും മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് അല്‍ ഐബാന്, വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി, ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്, വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രി എന്‍ജിനീയര്‍ അബ്ദുള്ള അല്‍ സ്വാഹ, സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം, ബള്‍ഗേറിയയിലെ സൗദി അംബാസഡര്‍ ഡോ. റാമി അല്‍ ഒതൈബി എന്നിവര്‍ പങ്കെടുത്തു.
ബള്‍ഗേറിയന്‍ ഭാഗത്തുനിന്ന് ഉപപ്രധാനമന്ത്രിയും സാമ്പത്തിക, നിക്ഷേപ, വ്യവസായ മന്ത്രിയുമായ അലക്സാണ്ടര്‍ ബോലെവ്, ആഭ്യന്തര മന്ത്രി ഇവാന് ഡെമിര്ഡ്ഷീവ്, ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജോര്‍ജി പീവ്, ഇന്നൊവേഷന് ആന്‍ഡ് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മന്ത്രി ഇവാന് വാസിലിയേവ്, ടൂറിസം മന്ത്രി എലന്‍ ദിമിത്രോവ്, സൗദിയിലെ ബള്‍ഗേറിയന്‍ അംബാസഡര്‍ ലിയുബോമിര് നിക്കോളോവ് പോപോവ് എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
Related News