റിയാദ്: 2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള സൗദി അറേബ്യയുടെ പൊതുബജറ്റിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1,392 ബില്യണ്‍ റിയാലിന്റെ ആകെ ചെലവും ഏകദേശം 1,201 ബില്യണ്‍ റിയാലിന്റെ പ്രതീക്ഷിത വരുമാനവുമാണ് ബജറ്റില്‍ കണക്കാക്കുന്നത്. 190.56 ബില്യണ്‍ റിയാലിന്റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്.
ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വികസന, സാമൂഹിക പദ്ധതികളും പരിപാടികളും കൃത്യമായി നടപ്പിലാക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധരാകണമെന്ന് കിരീടാവകാശി നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ പുരോഗതിയും പൗരന്മാരുടെ ക്ഷേമവും ഉറപ്പാക്കുന്ന രീതിയില്‍ ദേശീയ വിഭവങ്ങളും ശേഷികളും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശക്തമായ സാമ്പത്തിക അടിത്തറ, വഴക്കമുള്ള ധനനയങ്ങള്‍, ദീര്‍ഘകാല ആസൂത്രണത്തോടുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനം എന്നിവയുടെ പിന്‍ബലത്തില്‍ 2026-ല്‍ സൗദി സമ്പദ്വ്യവസ്ഥ അതിന്റെ കരുത്തും പ്രതിരോധശേഷിയും തെളിയിച്ചതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയ ഗുണനിലവാരമുള്ള നിക്ഷേപങ്ങള്‍, വികസന യാത്ര തുടരാനും വിവിധ പ്രതിസന്ധികളെയും വെല്ലുവിളികളെയും ഫലപ്രദമായി നേരിടാനും രാജ്യത്തെ പ്രാപ്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News