റിയാദ്: സാമൂഹിക ഇന്‍ഷുറന്‍സ് സംവിധാനത്തിന് കീഴിലുള്ള അര്‍ഹരായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാര്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയായ സനദ് വഴി പരമാവധി മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ണ്ണായക രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൗരന്മാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ സ്ഥിരത ഉറപ്പാക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയുടെ കരുത്ത് നിലനിര്‍ത്തുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.
അര്‍ഹരായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിശ്ചിത നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിനെ പ്രാപ്തമാക്കുന്നതിനായി, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് നിയമത്തിലെ 8, 10, 14 എന്നീ ആര്‍ട്ടിക്കിളുകളിലെയും സാമൂഹിക ഇന്‍ഷുറന്‍സ് നിയമത്തിലെ 45, 46 എന്നീ ആര്‍ട്ടിക്കിളുകളിലെയും വ്യവസ്ഥകളില്‍ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്.
സഹായത്തിന് അര്‍ഹരായ മേഖലകളും സ്ഥാപനങ്ങളും നിര്‍ണ്ണയിക്കുന്നതിനായി ഒരു മന്ത്രിതല സമിതി രൂപീകരിക്കാനും രാജകീയ ഉത്തരവില്‍ വ്യവസ്ഥയുണ്ട്. ധനകാര്യം, സാമ്പത്തിക ആസൂത്രണം, മാനവ വിഭവശേഷി സാമൂഹിക വികസനം എന്നീ വകുപ്പ് മന്ത്രിമാരും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഗവര്‍ണറും ആവശ്യമുള്ളപക്ഷം ബന്ധപ്പെട്ട മേഖലയുടെ ചുമതലയുള്ള മന്ത്രിയും അടങ്ങുന്നതാണ് ഈ സമിതി. അര്‍ഹരായവരിലേക്ക് സഹായം കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൗരന്മാരുടെ തൊഴില്‍ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതിനുമായി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സംവിധാനങ്ങള്‍, മുന്‍ഗണനകള്‍ എന്നിവ ഈ സമിതി നിശ്ചയിക്കും.
Related News