കോഴിക്കോട്: അപൂർവ്വ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ടൈപ്പ് 2 ബാധിച്ച 20 മാസം പ്രായമുള്ള മൂന്ന് സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ 50 കോടി രൂപ സമാഹരിക്കാനുള്ള വലിയ ദൗത്യത്തിൽ കൈകോർത്ത് കേരളം. കോഴിക്കോട് ഓമശ്ശേരി കള്ളുരുട്ടി സ്വദേശികളായ അരുൺ പി.ഡിയുടെയും ശാൽമിയുടെയും മക്കളായ ഡേവിഡ് മാഗ്നസ് അരുൺ, ഏഥൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നിവരുടെ ചികിത്സയ്ക്കായാണ് നാടൊന്നാകെ ഒന്നിക്കുന്നത്. ഒരു ദിവസത്തെ കളക്ഷൻ മാറ്റിവെക്കുന്ന ബസ് കണ്ടക്ടർമാർ മുതൽ പോക്കറ്റ് മണി നൽകുന്ന സ്കൂൾ വിദ്യാർത്ഥികൾ വരെ ഈ കാരുണ്യ യജ്ഞത്തിൽ പങ്കാളികളാകുന്നുണ്ട്. എന്നാൽ, ലക്ഷ്യം പൂർത്തിയായെന്ന വ്യാജപ്രചാരണങ്ങളും അനധികൃത പണപ്പിരിവ് വിവാദവും പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിച്ചതോടെ ധനസമാഹരണത്തിന്റെ വേഗത കുറഞ്ഞിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നുകളിലൊന്നായ സോൾജെൻസ്മ എന്ന ഒറ്റത്തവണ ജീൻ തെറാപ്പിയിലൂടെ മാത്രമേ ഈ കുരുന്നുകളെ പൂർണ്ണമായി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഒരു കുട്ടിക്ക് ഏകദേശം 17 മുതൽ 18 കോടി രൂപ വരെയാണ് മരുന്നിന് ചെലവ് വരുന്നത്. മൂന്ന് പേർക്കുമായി 50 കോടി രൂപയാണ് ചികിത്സാ സഹായ സമിതി ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് ഈ ചികിത്സ നൽകിയാൽ മാത്രമേ പൂർണ്ണ ഫലം ലഭിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാൽ ഓരോ ദിവസവും കുടുംബത്തിന് നിർണ്ണായകമാണ്.
കഴിഞ്ഞ ഒക്ടോബറിൽ ജനപ്രതിനിധികളെയും പ്രാദേശിക സംഘടനകളെയും ഉൾപ്പെടുത്തി രൂപീകരിച്ച ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിന്റെ ഓമശ്ശേരി ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നാണ് ധനസമാഹരണം ആരംഭിച്ചത്. പ്രിയങ്ക ഗാന്ധി, എം.കെ. രാഘവൻ തുടങ്ങിയ എംപിമാരും എംഎൽഎമാരും 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിന് പിന്തുണയുമായെത്തി. സ്വകാര്യ ബസ് ഉടമകൾ കാരുണ്യ യാത്ര സംഘടിപ്പിച്ചും സ്കൂളുകളും പ്രവാസി സംഘടനകളും വിവിധ പരിപാടികൾ നടത്തിയുമാണ് പണം സമാഹരിക്കുന്നത്. നവംബർ ആദ്യവാരത്തോടെ പ്രതിദിനം ഒന്നരക്കോടി രൂപ വരെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും നവംബർ എട്ടോടെ ഏകദേശം 16.5 കോടി രൂപ സമാഹരിച്ചതായും സമിതി വ്യക്തമാക്കുന്നു.
എന്നാൽ, നവംബർ ആദ്യം മുതൽ ലക്ഷ്യമിട്ട 50 കോടി രൂപ പൂർത്തിയായെന്നും അക്കൗണ്ടിലേക്ക് ഇനി പണം അയക്കേണ്ടതില്ലെന്നും കാണിച്ച് വ്യാജ ശബ്ദസന്ദേശങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിച്ചത് വലിയ തിരിച്ചടിയായി. ഇതോടെ പ്രതിദിന വരുമാനം 20-35 ലക്ഷം രൂപയായി കുറഞ്ഞു. ഇതിനിടെ, മാമ്പറ്റ ആസ്ഥാനമായ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നിസാം ചികിത്സാ സമിതിയുടെ അനുമതിയില്ലാതെ കുട്ടികളുടെ രേഖകൾ ഉപയോഗിച്ച് സ്വന്തം കുടുംബാംഗത്തിന്റെ അക്കൗണ്ടിലേക്ക് പണം പിരിച്ചെന്ന പരാതിയിൽ മുക്കം പോലീസ് കേസെടുത്തു. ഏകദേശം ഒരു ലക്ഷം രൂപ ഇത്തരത്തിൽ പിരിച്ചെടുത്തതായാണ് കണ്ടെത്തൽ. ഇത്തരം സംഭവങ്ങൾ ആളുകളിൽ സംശയമുണ്ടാക്കിയതായും സഹായം നൽകാൻ മുന്നോട്ട് വരുന്നവർ ഫോൺ നമ്പറുകൾ പോലും വിളിച്ച് ഉറപ്പുവരുത്തുന്ന സാഹചര്യമുണ്ടായതായും പിതാവ് അരുൺ പറഞ്ഞു.
നിലവിൽ സംസ്ഥാന സർക്കാരിന്റെ കെയർ പദ്ധതി വഴി റിസ്ഡിപ്ലാം എന്ന മരുന്നാണ് കുട്ടികൾക്ക് നൽകുന്നത്. രണ്ട് കുട്ടികൾക്ക് സർക്കാർ സൗജന്യമായി മരുന്ന് നൽകുന്നുണ്ടെങ്കിലും മൂന്നാമത്തെ കുട്ടിയുടെ അപേക്ഷ പരിഗണനയിലാണ്. ജീവിതകാലം മുഴുവൻ നൽകേണ്ട ഈ മരുന്നിന്റെ ചെലവ് കുട്ടികളുടെ ഭാരം കൂടുന്നതിനനുസരിച്ച് വർദ്ധിക്കുമെന്നതും ഫലം സാവധാനത്തിലാണെന്നതുമാണ് ഒറ്റത്തവണ ജീൻ തെറാപ്പിയായ സോൾജെൻസ്മ തിരഞ്ഞെടുക്കാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. വിദേശത്തുനിന്ന് മരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതി, കുട്ടികളുടെ രക്തപരിശോധനകൾ, കരൾ-വൃക്ക-ഹൃദയ പരിശോധനകൾ എന്നിവയെല്ലാം രണ്ട് വയസ്സിന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ, വ്യാജപ്രചാരണങ്ങളിൽ വീഴാതെ ഔദ്യോഗിക അക്കൗണ്ട് വഴി മാത്രം സഹായങ്ങൾ നൽകി ഈ കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ചികിത്സാ സഹായ സമിതി അഭ്യർത്ഥിച്ചു.
Related News