റിയാദ്: സാമൂഹിക ഇൻഷുറൻസ് സംവിധാനത്തിന് കീഴിലുള്ള അർഹരായ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാർക്ക് തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയായ സനദ് വഴി വേതന പിന്തുണ നൽകാനുള്ള രാജകീയ ഉത്തരവ് നടപ്പിലാക്കാൻ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പൂർണ്ണ സജ്ജമാണെന്ന് ധനമന്ത്രിയും സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപമാണ് സൗദി അറേബ്യയുടെ വികസന മുൻഗണനകളുടെ കേന്ദ്രബിന്ദുവെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിലുള്ള വിപുലമായ ഇൻഷുറൻസ് സുരക്ഷാ സംവിധാനം സ്വദേശികളുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനും വലിയ കരുത്ത് നൽകുന്നുണ്ടെന്ന് അൽ ജദാൻ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, രാജകീയ ഉത്തരവ് പ്രകാരം രൂപീകരിച്ച മന്ത്രിതല സമിതിയുമായും ബന്ധപ്പെട്ട മറ്റ് അധികാരികളുമായും സഹകരിച്ച് സ്ഥാപനം തങ്ങളുടെ എല്ലാ കഴിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
തൊഴിൽ വിപണിയുടെ സ്ഥിരത വർദ്ധിപ്പിക്കുകയും വികസന, സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ദീർഘവീക്ഷണത്തോടെയുള്ളതും വഴക്കമുള്ളതുമായ നയങ്ങൾ സ്വീകരിക്കുന്ന സൗദി അറേബ്യയുടെ സമീപനമാണ് ഈ രാജകീയ ഉത്തരവ് പ്രതിഫലിപ്പിക്കുന്നതെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. ബിസിനസ്സ് തുടർച്ചയെ പിന്തുണയ്ക്കുന്നതിലും മനുഷ്യവിഭവശേഷി സംരക്ഷിക്കുന്നതിലും സാമ്പത്തിക, സാമൂഹിക നയങ്ങളുടെ സംയോജനവും ഇൻഷുറൻസ് സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗവുമാണ് ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നത്. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വിവിധ മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും വർദ്ധിപ്പിക്കുകയും ദീർഘകാല വളർച്ചയുടെ സുസ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യും.
കരുത്തുറ്റ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ രണ്ട് പ്രധാന തൂണുകളാണ് തൊഴിൽ സ്ഥിരതയും ബിസിനസ്സ് സുസ്ഥിരതയുമെന്ന് അൽ ജദാൻ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ദേശീയ പ്രതിഭകളെ സംരക്ഷിക്കുന്നതിലും, സ്ഥാപനങ്ങളെ അവരുടെ ബാധ്യതകൾ നിറവേറ്റാൻ പിന്തുണയ്ക്കുന്നതിലും, വികസന പ്രക്രിയയിൽ അവരുടെ പങ്ക് തുടരുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിലും ഭരണനേതൃത്വത്തിനുള്ള താൽപ്പര്യമാണ് ഈ പിന്തുണയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News