ബെംഗളൂരു: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ വന്‍തോതിലുള്ള പിരിച്ചുവിടല്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഗൂഗിള്‍. സംഘടനാപരമായ പുനഃക്രമീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഗൂഗിള്‍ ക്ലൗഡ് വിഭാഗത്തില്‍ ഏകദേശം 30 തസ്തികകള്‍ മാത്രമാണ് ഒഴിവാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ജോലികളുടെ മുന്‍ഗണന പുനര്‍നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായുള്ള ചെറിയൊരു മാറ്റം മാത്രമാണിതെന്നും കമ്പനി വിശദീകരിച്ചു. പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ബ്ലൈന്‍ഡില്‍ പ്രത്യക്ഷപ്പെട്ട ഒരു അജ്ഞാത പോസ്റ്റാണ് വ്യാപകമായ പിരിച്ചുവിടല്‍ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ബെംഗളൂരുവിലെ ജീവനക്കാരനാണെന്ന് അവകാശപ്പെട്ടയാള്‍ പങ്കുവെച്ച പോസ്റ്റില്‍, പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ജീവനക്കാരെ പെട്ടെന്ന് ഒഴിവാക്കുന്നുവെന്നും 24 മണിക്കൂറിനുള്ളില്‍ രാജിവെക്കാന്‍ നോട്ടീസ് നല്‍കുന്നുവെന്നും ആരോപിച്ചിരുന്നു. കൂടാതെ, പിരിച്ചുവിടപ്പെടുന്നവര്‍ക്ക് ഒരു മാസത്തെ വേതനം മാത്രമാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്നും ആഭ്യന്തര സ്ഥലംമാറ്റങ്ങള്‍ തടയുന്നതിനായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് എക്‌സ് പ്ലാറ്റ്ഫോമിലും പ്രചരിച്ചതോടെ സാങ്കേതിക മേഖലയില്‍ വലിയ ആശങ്കകള്‍ക്ക് വഴിവെച്ചു.
അതേസമയം, ബെംഗളൂരുവില്‍ വന്‍തോതിലുള്ള പിരിച്ചുവിടല്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ ഗൂഗിള്‍ മാനേജരും തള്ളിക്കളഞ്ഞു. നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ചയും സാങ്കേതിക മേഖലയിലെ പുനഃക്രമീകരണങ്ങളും കാരണം ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന തൊഴില്‍ അരക്ഷിതാവസ്ഥയാണ് ഇത്തരം അഭ്യൂഹങ്ങള്‍ വേഗത്തില്‍ പടരാന്‍ കാരണമാകുന്നതെന്ന് ബെംഗളൂരു ഓഫീസിലെ ഒരു ജീവനക്കാരന്‍ പ്രതികരിച്ചു. 2027 ജനുവരിയില്‍ പ്ലാറ്റ്ഫോംസ് ആന്‍ഡ് ഡിവൈസസ് വിഭാഗത്തില്‍ സ്വയം വിരമിക്കല്‍ പദ്ധതിയോ കൂടുതല്‍ പിരിച്ചുവിടലുകളോ ഉണ്ടായേക്കാമെന്ന് അജ്ഞാത പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കമ്പനി ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
നിര്‍മ്മിത ബുദ്ധിയിലും ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങളിലും മാതൃകമ്പനിയായ ആല്‍ഫബെറ്റ് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ തൊഴില്‍ സേനയെ പുനഃക്രമീകരിക്കുകയാണ് ഗൂഗിള്‍. ഇതിന്റെ ഭാഗമായി കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി കമ്പനി വിപുലീകരിച്ചിരുന്നു. 2023 ജനുവരിയില്‍ ആഗോളതലത്തില്‍ 12,000 ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചതിന് ശേഷം വിവിധ ഘട്ടങ്ങളിലായി ഗൂഗിള്‍ തസ്തികകളില്‍ മാറ്റങ്ങള്‍ വരുത്തിവരികയാണ്.
Related News