മുംബൈ: വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള നിക്ഷേപവും ക്രൂഡ് ഓയില്‍ വിലയിടിവും കരുത്തേകിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തമായി ഉയര്‍ന്നു. ഇന്‍ട്രാഡേ വ്യാപാരത്തില്‍ 56 പൈസ നേട്ടത്തോടെ 92.29 എന്ന നിലയിലെത്തി. എട്ടുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ 2027 സാമ്പത്തിക വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ രൂപയുടെ നഷ്ടം പൂര്‍ണമായും തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് കൂടുതല്‍ പണമൊഴുക്കിയതാണ് രൂപയ്ക്ക് പ്രധാന പിന്തുണയായത്. ഡോളര്‍ ശക്തമായി തുടരുകയും യുഎസ് ബോണ്ട് വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിലും ഇന്ത്യന്‍ ഓഹരികളോടുള്ള നിക്ഷേപ താല്പര്യം വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിന് താഴെയെത്തിയതും രൂപയ്ക്ക് അനുകൂലമായി.
ഇന്റര്‍ബാങ്ക് ഫോറെക്സ് വിപണിയില്‍ 92.65ല്‍ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 92.29 വരെ ഉയര്‍ന്നു. തിങ്കളാഴ്ച 23 പൈസ നഷ്ടത്തോടെ 92.85ല്‍ അവസാനിച്ച രൂപയ്ക്ക് ബുധനാഴ്ച ശക്തമായ തിരിച്ചുവരവാണുണ്ടായത്. ചൊവ്വാഴ്ച ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഇന്ത്യന്‍ കറന്‍സി വിപണി പ്രവര്‍ത്തിച്ചിരുന്നില്ല.
നവംബര്‍ 13ന് ഡോളറിനെതിരെ 94.19 എന്ന നിലയില്‍ ക്ലോസ് ചെയ്ത രൂപ, തുടര്‍ച്ചയായ അഞ്ച് വ്യാപാര ദിവസങ്ങളില്‍ 1.6 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഒക്ടോബര്‍ 8ന് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന 96.88 നിലവാരത്തില്‍നിന്ന് കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടെ ഏകദേശം അഞ്ച് ശതമാനം തിരിച്ചുവരവ് ഉണ്ടായി.
ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളര്‍ ഇന്‍ഡക്സ് 0.20 ശതമാനം ഉയര്‍ന്ന് 103.96ലെത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 1.58 ശതമാനം താഴ്ന്ന് ബാരലിന് 89.96 ഡോളറിലായിരുന്നു വ്യാപാരം.
ഇന്ത്യന്‍ ഓഹരി വിപണിയിലും ശക്തമായ മുന്നേറ്റം പ്രകടമായി. സെന്‍സെക്സ് 1,215.02 പോയിന്റ് ഉയര്‍ന്ന് 83,651.01ലും നിഫ്റ്റി 368.15 പോയിന്റ് നേട്ടത്തോടെ 25,717.60ലും വ്യാപാരം നടത്തി. തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്.ഐ.ഐ.) 5,672.99 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതും വിപണിക്ക് പിന്തുണയായി.
Related News