ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (PJS), അബീര്‍ മെഡിക്കല്‍ സെന്റര്‍ അസീസിയ ശാഖയുമായി സഹകരിച്ച് പ്രവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 നവംബര്‍ 27 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 3 മണി വരെ അബീര്‍ മെഡിക്കല്‍ സെന്റര്‍ അസീസിയ ബ്രാഞ്ചിലാണ് ക്യാമ്പ് നടക്കുന്നത്.
പ്രവാസജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രോഗങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിനും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും പ്രവാസികള്‍ക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാ പ്രാഥമിക മെഡിക്കല്‍ പരിശോധനകളും സൗജന്യമായി ലഭിക്കും. തുടര്‍പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും 50 ശതമാനം ഡിസ്‌കൗണ്ടും, ഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം വരെ ഇളവും ലഭ്യമാക്കും. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ഇവര്‍ക്ക് തുടര്‍ചികിത്സകള്‍ക്കും പ്രത്യേക ഇളവുകള്‍ ഉണ്ടായിരിക്കും.
പ്രവാസികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ആരോഗ്യപരിശോധനകള്‍ നടത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ട (0538378734), വെല്‍ഫെയര്‍ കണ്‍വീനര്‍ അലി തേക്കുതോട് (0555056835), പി.ആര്‍.ഒ. മനോജ് മാത്യു അടൂര്‍ (0564131736), മെഡിക്കല്‍ വിംഗ് ജോയിന്റ് കണ്‍വീനര്‍ നൗഷാദ് അടൂര്‍ (0508350151) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Related News