ലഖ്നൗ: 2027 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സമാജ്വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക അധ്യക്ഷന്‍ അഖിലേഷ് യാദവ് പുറത്തിറക്കി. ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് അസം ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. 25 ലക്ഷം സര്‍ക്കാര്‍ ജോലികളും ബിരുദധാരികള്‍ക്ക് ജോലി ലഭിക്കുന്നത് വരെ പ്രതിമാസം 5,000 രൂപ തൊഴില്‍രഹിത വേതനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. ബിജെപിയുടെ പഴയ മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ട്, നല്ല ദിനങ്ങള്‍ ഇതുവരെ വന്നില്ലെന്നും എന്നാല്‍ മോശം ദിനങ്ങള്‍ അവസാനിക്കാന്‍ പോവുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ജെന്‍സീ, ജെന്‍ ആല്‍ഫ തലമുറകളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ജന്‍-മന്‍ കാ മാനിഫെസ്റ്റോ', 'പിഡിഎ കാ പ്രണ്‍-പത്ര' എന്നിങ്ങനെ പേരിട്ടിരിക്കുന്ന പ്രകടനപത്രിക യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരടങ്ങുന്ന പിഡിഎ സഖ്യത്തിന് 50 കോടി രൂപ വരെയുള്ള സര്‍ക്കാര്‍ കരാറുകളില്‍ 50 ശതമാനം സംവരണം നല്‍കുമെന്ന് പത്രിക ഉറപ്പുനല്‍കുന്നു. കൂടാതെ, അടച്ചുപൂട്ടിയ പ്രൈമറി സ്‌കൂളുകള്‍ തുറക്കുമെന്നും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും ശിക്ഷാ മിത്രകള്‍ക്ക് ശമ്പള വര്‍ദ്ധനവും സ്ഥിരനിയമനവും നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. വൈ-ഫൈ, തെരുവുവിളക്കുകള്‍, വൈദ്യുതി, ടാര്‍ ചെയ്ത റോഡുകള്‍ എന്നിവയുള്ള പുതിയ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 40,000 രൂപ സാമ്പത്തിക സഹായം, സൗജന്യ ആരോഗ്യ പരിരക്ഷയും ആംബുലന്‍സ് സേവനങ്ങളും, പോലീസിംഗില്‍ നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ, സ്ത്രീസുരക്ഷയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍, യഷ് ഭാരതി പുരസ്‌കാരം തിരികെ കൊണ്ടുവരല്‍ എന്നിവയും പ്രധാന വാഗ്ദാനങ്ങളാണ്. സംസ്ഥാനതല പ്രകടനപത്രികയ്ക്ക് പുറമെ ഓരോ ജില്ലയ്ക്കും നഗരങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക പ്രകടനപത്രികകള്‍ പുറത്തിറക്കുമെന്നും അഖിലേഷ് യാദവ് അറിയിച്ചു. 2012-17 കാലഘട്ടത്തിലെ സമാജ്വാദി സര്‍ക്കാര്‍ ലഖ്നൗവില്‍ ഐടി സിറ്റിയും എച്ച്‌സിഎല്ലും കൊണ്ടുവന്നതും മേദാന്ത ആശുപത്രി, അന്താരാഷ്ട്ര സ്റ്റേഡിയം, ലുലു മാള്‍, റിവര്‍ഫ്രണ്ട് എന്നിവ നിര്‍മ്മിച്ചതും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഭരണഘടനാ ദിനത്തില്‍ പുറത്തിറക്കിയ പത്രികയില്‍ ഭരണഘടന സംരക്ഷിക്കാന്‍ പിഡിഎ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. സഖ്യകക്ഷിയായ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സമാജ്വാദി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കിയത്.
Related News