കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇറ്റാലിയന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. പ്രതിരോധ സേന തകര്‍ത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ പതിച്ചുണ്ടായ ഗുരുതര പരിക്കുകളെ തുടര്‍ന്നാണ് ഇരുവരും മരിച്ചതെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു 'പ്രധാന കേന്ദ്രത്തിന്' നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കുവൈത്ത് പൗരനും ഒരു പാകിസ്ഥാന്‍ തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്.
ജര്‍മ്മന്‍ പ്രതിരോധ കമ്പനിയായ റൈന്‍മെറ്റലിലെ (Rheinmetall) ജീവനക്കാരാണ് കൊല്ലപ്പെട്ട ഇറ്റാലിയന്‍ പൗരന്മാരെന്ന് ഇറ്റലി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 'റൈന്‍മെറ്റല്‍ ഇറ്റാലിയ കമ്പനിയിലെ രണ്ട് ഇറ്റാലിയന്‍ ടെക്‌നീഷ്യന്‍മാര്‍ ജോലി ചെയ്തിരുന്ന സ്ഥലത്താണ് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് തൊഴിലാളികളും കൊല്ലപ്പെട്ടു,' മന്ത്രാലയം വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അനുശോചനം അറിയിച്ചു. 'എന്റെയും സര്‍ക്കാരിന്റെയും പേരില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആക്രമണത്തിന് ഇരയായവരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു,' അവര്‍ പറഞ്ഞു.
ഇറ്റാലിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ടെഹ്റാന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആവശ്യപ്പെട്ടു. 'അയല്‍രാജ്യങ്ങള്‍ക്കും ഗള്‍ഫിലെ ഞങ്ങളുടെ പങ്കാളികള്‍ക്കും നേരെയുള്ള ഇത്തരം അസ്വീകാര്യമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കണം. ഗള്‍ഫ് മേഖലയുടെ സുരക്ഷ നമ്മുടെയെല്ലാം സുരക്ഷയുടെ ഭാഗമാണെന്ന് ഇന്നത്തെ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു,' വോണ്‍ ഡെര്‍ ലെയ്ന്‍ എക്‌സില്‍ കുറിച്ചു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആക്രമണത്തില്‍ വ്യക്തമാക്കാത്ത 'ഭൗതിക നാശനഷ്ടങ്ങള്‍' സംഭവിച്ചതായും കുവൈത്ത് പ്രതിരോധ മന്ത്രാലയം പ്രാഥമിക പ്രസ്താവനയില്‍ അറിയിച്ചു.
'തുടര്‍ച്ചയായ ഇറാനിയന്‍ അധിനിവേശത്തെ' ശക്തമായി അപലപിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം, ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍, യുഎന്‍ ചാര്‍ട്ടര്‍, യുഎന്‍ രക്ഷാസമിതി പ്രമേയം 2817 എന്നിവയുടെ നഗ്‌നമായ ലംഘനമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങള്‍ പ്രാദേശിക സുസ്ഥിരതയ്ക്ക് ഭീഷണിയാണെന്നും സംഘര്‍ഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം സ്വന്തം പ്രദേശത്തെയും പ്രധാന കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള കുവൈത്തിന്റെ അവകാശം മന്ത്രാലയം ആവര്‍ത്തിച്ചു. ഇറ്റലിയെ അനുശോചനം അറിയിച്ച കുവൈത്ത്, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ആക്രമണത്തെ സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇറാന്റെ ഈ നടപടി ദുര്‍ബലപ്പെടുത്തുന്നുവെന്ന് സൗദി വ്യക്തമാക്കി.
Related News