ജിദ്ദ: നോര്‍ക്ക പ്രിവിലേജ് കാര്‍ഡ് എന്‍.ആര്‍.ഐ. സര്‍ട്ടിഫിക്കറ്റിന് പകരമാക്കണമെന്ന് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സി. ആവശ്യപ്പെട്ടു. വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ.യും മുസ്ലിം ലീഗ് നിയമസഭാ കക്ഷി സെക്രട്ടറിയുമായ ടി.വി. ഇബ്രാഹിമിനോടാണ് ഭാരവാഹികള്‍ ഈ ആവശ്യം ഉന്നയിച്ചത്.
എന്‍.ആര്‍.ഐ. സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക കാര്‍ഡ് പ്രവാസി പ്രിവിലേജ് കാര്‍ഡായി പ്രഖ്യാപിച്ചാല്‍ അത് സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സഹായമാകും. നിലവില്‍ ഒരു എന്‍.ആര്‍.ഐ. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വിവിധ രാജ്യങ്ങളിലുള്ള എംബസികളെയോ കോണ്‍സുലേറ്റുകളെയോ സമീപിക്കണം. ഇതിന് ഫീസിന് പുറമെ ദിവസങ്ങളുടെ യാത്രാക്ലേശം അനുഭവിച്ച് അപേക്ഷ സമര്‍പ്പിക്കുകയും ആഴ്ചകള്‍ കാത്തിരിക്കുകയും വേണം.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലും എന്‍.ആര്‍.ഐ. ക്വാട്ടകളിലുള്ള ആനുകൂല്യങ്ങള്‍ക്ക് എന്‍.ആര്‍.ഐ. സര്‍ട്ടിഫിക്കറ്റാണ് നിലവില്‍ മാനദണ്ഡമാക്കുന്നത്. പകരം നോര്‍ക്ക കാര്‍ഡ് മാനദണ്ഡമാക്കിയാല്‍ പ്രവാസികള്‍ക്ക് വളരെയധികം സഹായകരമാകുകയും മുഴുവന്‍ പ്രവാസികളും നോര്‍ക്കയില്‍ അംഗത്വമെടുക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രവാസി പെന്‍ഷന്‍, നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ്, വിമാനയാത്രാ പ്രശ്‌നങ്ങള്‍ എന്നിവയും എം.എല്‍.എ.യുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉറപ്പ് നല്‍കി.
ശറഫിയ എല്ലാറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സി. പ്രസിഡന്റ് നൗഷാദ് ആലങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മുസ്ലിയാരങ്ങാടി പരിപാടി ഉദ്ഘാടനം ചെയ്തു.
മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മുണ്ടോടന്‍, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. ചെയര്‍മാന്‍ കെ.കെ. മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് റഹ്‌മത്ത് അലി എരഞ്ഞിക്കല്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ വെട്ടുപ്പാറ, മുനിസിപ്പല്‍ ചെയര്‍മാന്‍ യൂസഫ് കോട്ട, ജാഫര്‍ അത്താണി, ശറഫു ഒഴുകൂര്‍, പൂന്തല ബീരാന്‍ ഹാജി, ഹസ്സന്‍ കൊണ്ടോട്ടി, ജംഷിബാവ കാരി, കബീര്‍ നീറാട്, പി.സി. അബൂബക്കര്‍, അബ്ദുല്‍ മജീദ്, ബാദുഷ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നെയ്യന്‍ നിഷാദ് സ്വാഗതവും സൈനു കാരി നന്ദിയും പറഞ്ഞു.