റിയാദ്: 2027-ല്‍ നഗരവികസനത്തിലും പാര്‍പ്പിട മേഖലയിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ ലക്ഷ്യങ്ങള്‍ സൗദി മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയം പ്രഖ്യാപിച്ചു. കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി 80,000 പുതിയ പാര്‍പ്പിട യൂണിറ്റുകളും വികസിപ്പിച്ച റെസിഡന്‍ഷ്യല്‍ പ്ലോട്ടുകളും 2027-ല്‍ വിതരണം ചെയ്യും. ഇതിനൊപ്പം റോഡ് വികസനം, ദൃശ്യമലിനീകരണ നിയന്ത്രണം, ഡിജിറ്റല്‍ അടിയന്തര സംവിധാനങ്ങള്‍ എന്നിവയിലും സമഗ്രമായ മാറ്റങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികളും നവീകരണവും ഊര്‍ജ്ജിതമാക്കി രാജ്യത്തെ പ്രധാന റോഡുകളുടെ ഗുണനിലവാര സൂചിക 68.8 ശതമാനമായി ഉയര്‍ത്തും. പ്രധാന നഗരങ്ങളിലും മുന്‍ഗണനാ മേഖലകളിലും സ്മാര്‍ട്ട് നിരീക്ഷണത്തിലൂടെ ദൃശ്യമലിനീകരണ സൂചിക 73 ആയി കുറയ്ക്കാനും, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ മുനിസിപ്പല്‍ എമര്‍ജന്‍സി, ക്രൈസിസ് സെന്ററുകളുടെ പ്രവര്‍ത്തനസജ്ജത 80 ശതമാനമായി വര്‍ദ്ധിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു.
മന്ത്രാലയത്തിന്റെ ഇതുവരെയുള്ള ഇടപെടലുകളിലൂടെ 77 ശതമാനം താമസക്കാര്‍ക്കും 800 മീറ്റര്‍ ചുറ്റളവില്‍ പൊതുഇടങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചതായി വക്താവ് അഹമ്മദ് അല്‍-ദാഫിരി പറഞ്ഞു. ജിദ്ദ, അല്‍-ഖോബാര്‍, ജിസാന്‍ കടല്‍ത്തീരങ്ങളുടെ വികസനം, 2026 സെപ്റ്റംബര്‍ വരെ പൂര്‍ത്തിയാക്കിയ 137 പാര്‍ക്കുകള്‍, 2025-26 കാലയളവില്‍ നട്ടുപിടിപ്പിച്ച 58 ലക്ഷം മരങ്ങള്‍ എന്നിവ നഗരപരിസരങ്ങളെ കൂടുതല്‍ ഹരിതാഭമാക്കി. കൂടാതെ, 2026-ല്‍ 25,000-ത്തിലധികം ദുര്‍ബല കുടുംബങ്ങള്‍ക്ക് അനുയോജ്യമായ പാര്‍പ്പിടം ലഭ്യമാക്കാനും 115 അനധികൃത മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും സാധിച്ചു. ഈ നേട്ടങ്ങളുടെ തുടര്‍ച്ചയായാണ് 2027-ലെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അടിയന്തര ഘട്ടങ്ങളിലെ പ്രതികരണം വേഗത്തിലാക്കുക, സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
Related News