തിരുവനന്തപുരം: വിഭാഗീയത മറികടക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ വി.ഡി സതീശന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസിലെ അതിരൂക്ഷമായ ഗ്രൂപ്പ് പോരിന്റെ നടുക്കയത്തില്‍. മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടി വിഭാഗവും വേണുഗോപാല്‍ പക്ഷവും ഒന്നിക്കുന്നുവെന്നാണ് സൂചന. എ വിഭാഗത്തില്‍ തന്നെ ഷാഫി പറമ്പലിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താനും ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ ആര്, ആരെ പിന്തുണക്കുന്നുവെന്നറിയാത്ത കോലാഹലമാണ് കോണ്‍ഗ്രസില്‍. പരസ്പര വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭയിലും പാര്‍ട്ടിയിലും ഭിന്നത പരസ്യമായതോടെ യു.ഡി.എഫിലും അസ്വസ്ഥത പുകയുകയാണ്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതനായ നേതാവെന്ന പ്രതിച്ഛായയിലാണ് സതീശന്‍ അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിയായി ആറുമാസം പിന്നിടുമ്പോള്‍ പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയ പോരാട്ടത്തിന്റെ നടുവിലാണ് അദ്ദേഹം. എ, ഐ ഗ്രൂപ്പുകളുടെ പഴയ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് മെറിറ്റിനും കൂട്ടായ നേതൃത്വത്തിനും പ്രാധാന്യം നല്‍കുന്ന പുതിയ കോണ്‍ഗ്രസ് രൂപീകരിക്കുമെന്ന വാഗ്ദാനം ഇപ്പോള്‍ വെല്ലുവിളി നേരിടുകയാണ്.
140 അംഗ നിയമസഭയില്‍ യു.ഡി.എഫ് 102 സീറ്റും കോണ്‍ഗ്രസ് 63 സീറ്റും നേടിയ വന്‍ വിജയത്തിന് പിന്നാലെയാണ് സതീശന്‍ മുഖ്യമന്ത്രിയായത്. എന്നാല്‍, മന്ത്രിസഭയിലെ തര്‍ക്കങ്ങളും നേതാക്കള്‍ തമ്മിലുള്ള പരസ്യ ആരോപണങ്ങളും സംഘടനാ തലത്തിലെ അധികാര വടംവലികളും പാര്‍ട്ടിയെ വീണ്ടും പഴയ ഗ്രൂപ്പ് പോരിലേക്ക് നയിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
മന്ത്രിസഭാ യോഗങ്ങളില്‍ ഏകപക്ഷീയമായ തീരുമാനങ്ങളെച്ചൊല്ലി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കെ.പി.സി.സി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പി.എസ്.സി നിയമന പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിവാദമായി. യോഗങ്ങളിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ ചോര്‍ന്നതോടെ പാര്‍ട്ടിക്കുള്ളിലെ പോര് പരസ്യമായി.
അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ അനുയായികളായ പഴയ എ ഗ്രൂപ്പും കെ.സി. വേണുഗോപാലിനോട് അടുപ്പമുള്ള സംഘടനാ വിഭാഗവും സതീശനെതിരെ ഒരുമിക്കുന്നുവെന്ന സൂചനകളും ശക്തമാണ്. ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളെ മുന്‍നിര്‍ത്തി എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെ അട്ടിമറിക്കാനുള്ള നീക്കമെന്ന ആരോപണം ഇരുവിഭാഗവും നിഷേധിക്കുന്നു.
യു.ഡി.എഫ് ഘടകകക്ഷികളും സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനങ്ങളിലും മുന്നണി യോഗങ്ങള്‍ ചേരാത്തതിലും അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (ജോസഫ്), മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ മുന്നണി സംവിധാനത്തിലെ കൂടിയാലോചനകള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.
സതീശന്റെ മുന്നിലുള്ള വെല്ലുവിളി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലം പൂര്‍ത്തിയാക്കുക മാത്രമല്ല, പാര്‍ട്ടിയിലെ അധികാരകേന്ദ്രങ്ങളെ ഏകോപിപ്പിച്ച് വിഭാഗീയത മറികടക്കുകയെന്നതുമാണ്. തിരഞ്ഞെടുപ്പ് വിജയം സംഘടനാ നിയന്ത്രണത്തിന്റെ ഉറപ്പല്ലെന്ന യാഥാര്‍ഥ്യമാണ് പുതിയ പ്രതിസന്ധി വ്യക്തമാക്കുന്നത്.
Related News