ന്യൂദല്‍ഹി: വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി നിശ്ചിത സമയത്ത് സ്വയം അയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വരുന്നു. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കൊപ്പം ഫോട്ടോകളും വീഡിയോകളും ഷെഡ്യൂള്‍ ചെയ്യാം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഈ സൗകര്യം ലഭ്യമാകും.
ഉപയോക്താക്കള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഫീച്ചറുകളിലൊന്നാണ് ഷെഡ്യൂള്‍ഡ് മെസേജിങ്. ഓര്‍ക്കുന്ന സമയത്ത് സന്ദേശം തയ്യാറാക്കി, സ്വീകര്‍ത്താവിന് അനുയോജ്യമായ സമയത്ത് അയക്കാന്‍ ഇതിലൂടെ സാധിക്കും. പിറന്നാള്‍ ആശംസകള്‍, പ്രധാന അറിയിപ്പുകള്‍, ഓര്‍മപ്പെടുത്തലുകള്‍ തുടങ്ങിയവ മുന്‍കൂട്ടി ക്രമീകരിക്കാനും വ്യത്യസ്ത സമയമേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്താനും ഇത് സഹായകമാകും.
സന്ദേശങ്ങള്‍ 10 മിനിറ്റ് മുതല്‍ 14 ദിവസം വരെ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാം. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ആഗോളതലത്തില്‍ ഘട്ടംഘട്ടമായാണ് ഫീച്ചര്‍ ലഭ്യമാക്കുന്നത്.
സന്ദേശം അയക്കേണ്ട വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ചാറ്റ് തുറന്ന് സന്ദേശം ടൈപ്പ് ചെയ്യുക. തുടര്‍ന്ന് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുന്നതിന് പകരം അമര്‍ത്തിപ്പിടിക്കുക. ലഭിക്കുന്ന ഓപ്ഷനില്‍ സന്ദേശം അയക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുത്ത് സ്ഥിരീകരിച്ചാല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകും. നിശ്ചിത സമയത്ത് സന്ദേശം സ്വയം അയക്കപ്പെടും.
മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത സന്ദേശങ്ങള്‍ പരിശോധിക്കാനും അയക്കുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ ഒഴിവാക്കാനും സാധിക്കും. എന്നാല്‍ നിലവില്‍ ഷെഡ്യൂള്‍ ചെയ്ത സന്ദേശം തിരുത്താനോ അയക്കുന്ന സമയം മാറ്റാനോ കഴിയുമോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തത നല്‍കിയിട്ടില്ല.
ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുകയോ ബാറ്ററി തീര്‍ന്നിരിക്കുകയോ ചെയ്താലും നിശ്ചയിച്ച സമയത്ത് സന്ദേശം പോകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. സന്ദേശങ്ങള്‍ക്ക് പ്ലാറ്റ്‌ഫോമിലെ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയും തുടരും. വാട്‌സ്ആപ്പ് വഴി ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങള്‍ക്കും ഗ്രൂപ്പുകളിലൂടെ അറിയിപ്പുകള്‍ കൈമാറുന്നവര്‍ക്കും പുതിയ ഫീച്ചര്‍ പ്രയോജനപ്പെടും.
ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ എതിരാളികള്‍ നേരത്തേ തന്നെ ഈ സൗകര്യം നല്‍കിയിരുന്നു. പുതിയ ഫീച്ചറിലൂടെ ഈ രംഗത്തെ പ്രധാന ആവശ്യങ്ങളിലൊന്ന് പരിഹരിക്കുകയാണ് വാട്‌സ്ആപ്പ്.
Related News