റിയാദ്: ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി നിർമ്മിക്കുന്ന പുതിയ സൗദി ചലച്ചിത്രം 'ദി വിജിലന്റ് ഐസ്' ഡിസംബർ മൂന്ന് വ്യാഴാഴ്ച മുതൽ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. സൗദി സിനിമാസിന്റെ പിന്തുണയോടെയുള്ള പ്രത്യേക പദ്ധതി പ്രകാരം, നവംബർ 28-ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 25 റിയാൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ, ലഹരിമരുന്ന് വിരുദ്ധ പോരാട്ടങ്ങളുടെ യഥാർത്ഥ രേഖകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിഗ് ടൈം ഫണ്ടിന്റെ പങ്കാളിത്തത്തോടെ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള സില കമ്പനിയാണ് ചിത്രം നടപ്പിലാക്കുന്നത്. തഹക്കും, എൽമ് എന്നീ കമ്പനികളാണ് സ്പോൺസർമാർ. സുരക്ഷാ ഉദ്യോഗസ്ഥരുടെ വീരകൃത്യങ്ങളും സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കാൻ അവർ നടത്തുന്ന ത്യാഗങ്ങളുമാണ് ചിത്രം അനാവരണം ചെയ്യുന്നത്.
റിയാദ് നഗരത്തിൽ ഒരു കുട്ടിയെ കാണാതാകുന്നതും, തുടർന്ന് ഡിറ്റക്ടീവ് അബ്ദുള്ളയുടെയും ലഹരിവിരുദ്ധ സേനയുടെയും അന്വേഷണം ഒരു വൻ മയക്കുമരുന്ന് കടത്ത് ശൃംഖലയിലേക്ക് എത്തുന്നതുമാണ് സസ്പെൻസ് നിറഞ്ഞ ചിത്രത്തിന്റെ പ്രമേയം. കുട്ടിയെ കുടുംബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള അപകടകരമായ ദൗത്യമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
യാക്കൂബ് അൽ ഫർഹാൻ, ഫൈസൽ അൽ ദുഖി, സാലിഹ് അബു അംറ, നായിഫ് അൽ ബഹർ, സാറ അൽ ഹർബി തുടങ്ങിയ പ്രമുഖ സൗദി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മിഷാരി അൽ ദോസരി തിരക്കഥ രചിച്ച ചിത്രം റോബർട്ട് ഗ്രാസ്മെയർ സംവിധാനം ചെയ്തിരിക്കുന്നു. പ്രശസ്ത അന്താരാഷ്ട്ര സംവിധായകൻ ഫിലിപ്പ് നോയ്സിന്റെ ക്രിയാത്മകമായ പങ്കാളിത്തവും ചിത്രത്തിനുണ്ട്. ലഹരിയുടെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിൽ ഈ ചിത്രം വലിയ പങ്കുവഹിക്കുമെന്ന് തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. ചിത്രത്തിന് നൽകിയ പിന്തുണയ്ക്ക് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനും സുരക്ഷാ ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു.
Related News