ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും മുഹമ്മദ് സിറാജിനെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തിയില്ല. ആദ്യ ടെസ്റ്റില്‍ നന്നായി ബൗള്‍ ചെയ്ത പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കിയതും അമ്പരപ്പായി. പകരം ഗുര്‍നൂര്‍ ബ്രാര്‍ അരങ്ങേറുകയും കന്നി വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 പിന്നിട്ട് മുന്നേറുകയാണ്. ലഞ്ചിന് മുമ്പത്തെ അവസാന പന്തില്‍ ഡെവോണ്‍ കോണ്‍വേയെ (31) ബ്രാര്‍ പുറത്താക്കി. ക്യാപ്റ്റന്‍ ടോം ലാഥമിനൊപ്പം (52 നോട്ടൗട്ട്) ഹെന്‍ റി നിക്കോള്‍സാണ് (10 നോട്ടൗട്ട്) ബാറ്റ് ചെയ്യുന്നത്.
ഹാഗ്ലി ഓവലില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തെങ്കിലും ന്യൂസിലന്‍ഡ് ഓപ്പണര്‍മാര്‍ ഇന്ത്യന്‍ പേസ് ആക്രമണത്തെ അനായാസം നേരിട്ടു. ആദ്യ സെഷനില്‍ ആതിഥേയര്‍ മികച്ച നിലയിലെത്തിയെങ്കിലും അവസാന പന്തില്‍ അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ ഇന്ത്യക്ക് ആശ്വാസവിക്കറ്റ് സമ്മാനിച്ചു.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടോസ് നേടിയതോടെ ഇന്ത്യ വീണ്ടും ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പര്യടനത്തിലെ 12 മത്സരങ്ങളില്‍ ഇന്ത്യ നേടുന്ന പത്താമത്തെ ടോസ് വിജയമാണിത്. പച്ചപ്പും പുല്ലും നിറഞ്ഞ പിച്ചില്‍ പേസും ബൗണ്‍സും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുടീമുകളും ഇറങ്ങിയത്.
വെല്ലിങ്ടണില്‍ സമനിലയില്‍ അവസാനിച്ച ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം പേസര്‍ ഗുര്‍നൂര്‍ ബ്രാറിന് അരങ്ങേറ്റം നല്‍കി. ന്യൂസിലന്‍ഡ് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.
ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥം തുടക്കത്തില്‍ തന്നെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തു. മനോഹരമായ ചെക്ക് െ്രെഡവുകളും ഗൈഡ് ചെയ്ത കട്ടുകളും കളിച്ച താരം ഇന്ത്യന്‍ ബൗളര്‍മാരുടെ പിഴവുകള്‍ മുതലാക്കി റണ്‍സ് കണ്ടെത്തി. കഴിഞ്ഞ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും പൂജ്യത്തിന് പുറത്തായ ലാഥമിന് ഇത്തവണ മികച്ച തുടക്കം ലഭിച്ചു.
മറുവശത്ത് ഡെവണ്‍ കോണ്‍വേ കരുതലോടെയാണ് ബാറ്റിങ് ആരംഭിച്ചത്. തുടക്കത്തില്‍ പന്തുകള്‍ വിട്ടുകളഞ്ഞ താരം പിന്നീട് റണ്‍സ് കണ്ടെത്താന്‍ തുടങ്ങി. ലാഥമിനെ പുറത്താക്കാനുള്ള ജസ്പ്രീത് ബുംറയുടെ എല്‍.ബി.ഡബ്ല്യു അപ്പീല്‍ റിവ്യൂവില്‍ നിരസിക്കപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. 29 റണ്‍സില്‍ നില്‍ക്കെ കെ.എല്‍. രാഹുല്‍ രണ്ടാം സ്ലിപ്പില്‍ ലാഥമിന്റെ ക്യാച്ച് കൈവിട്ടതും നിര്‍ണായകമായി.
എന്നാല്‍ ലഞ്ചിന് മുമ്പുള്ള അവസാന പന്തില്‍ ബ്രാര്‍ കോണ്‍വേയെ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കി. പിച്ചില്‍നിന്ന് അകത്തേക്ക് തിരിഞ്ഞ പന്ത് കോണ്‍വേയുടെ പിന്‍കാലില്‍ പതിക്കുകയായിരുന്നു. അഞ്ച് ഓവറില്‍ 18 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ന്യൂസിലന്‍ഡ് മൂന്നാമതും ഇന്ത്യ നാലാമതുമാണ്.
Related News