ന്യൂഡല്‍ഹി: വനിതാ സംവരണത്തിന് രാഹുല്‍ ഗാന്ധി തടസ്സം നില്‍ക്കുകയാണെന്ന് ആരോപിച്ചതിന് തൊ്ട്ടുപിന്നാലെ പാര്‍ലമെന്റ് വീണ്ടും വിളിച്ചു കൂട്ടി സര്‍ക്കാര്‍. വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും സംബന്ധിച്ച ബില്ലുകള്‍ പാസാക്കാനാണ് പാര്‍ലമെന്റ് വീണ്ടും വിളിച്ചത്.
ഈ ബില്ലുകള്‍ പാസാക്കാന്‍ സഭയില്‍ ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. കഴിഞ്ഞ സമ്മേളനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. എന്‍.ഡി.എയ്ക്ക് 293 എം.പിമാരുടെ പിന്തുണയുണ്ടായിരുന്നിട്ടും ബില്ലിന് ആവശ്യമായ ഭൂരിപക്ഷം നേടാനായില്ല. വോട്ടെടുപ്പില്‍ പങ്കെടുത്ത 528 അംഗങ്ങളില്‍ 298 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 230 പേര്‍ എതിര്‍ത്തു. അന്നത്തെ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ 352 വോട്ടുകളേക്കാള്‍ 54 വോട്ടുകള്‍ കുറവാണ് ലഭിച്ചത്. സഭയുടെ മുഴുവന്‍ അംഗബലത്തെ അടിസ്ഥാനമാക്കിയുള്ള ആവശ്യമായ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 67 വോട്ടുകളുടെ കുറവുണ്ടായി. ഇപ്പോള്‍ ഡി.എം.കെയുടെയും എന്‍.സി.പി ശരദ് പവാര്‍ വിഭാഗത്തിന്റെയും പിന്തുണയും മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയ എം.പിമാരുടെയും പിന്തുണയാണ് എന്‍.ഡി.എക്ക് പ്രതീക്ഷ നല്‍കുന്നത്.
ലോക്‌സഭാ സീറ്റുകള്‍ 850 ആയി ഉയര്‍ത്താനാണ് വനിതാ സംവരണ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മണ്ഡല പുനര്‍നിര്‍ണയ (ഡീലിമിറ്റേഷന്‍) നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഏപ്രിലില്‍ ഭരണഘടനാ ഭേദഗതികള്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെ വന്നതിനു പിന്നാലെ പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ലോക്‌സഭ നവംബര്‍ 30നും രാജ്യസഭ ഡിസംബര്‍ രണ്ടിനും ചേരും
വനിതാ സംവരണം നടപ്പാക്കുന്നതിന് മണ്ഡല പുനര്‍നിര്‍ണയം നിര്‍ബന്ധമാക്കുന്നതിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം ശക്തമായിരിക്കുകയാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വനിതാ സംവരണം തടയാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യത്തെ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുമെന്ന ബി.ജെ.പി നിലപാട് ആവര്‍ത്തിച്ചിരുന്നു.
2023ല്‍ നിയമമായി അംഗീകരിച്ച വനിതാ സംവരണം നിലവിലെ ലോക്‌സഭയില്‍ത്തന്നെ നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം. സംവരണത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനായി മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനഃക്രമീകരിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശപ്രകാരം ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയര്‍ത്തുകയും അതില്‍ ഏകദേശം 283 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുകയും ചെയ്യും. മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള അധികാരവും നിര്‍ദിഷ്ട നിയമനിര്‍മാണത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജനസംഖ്യ കൂടുതലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകളുടെ എണ്ണത്തില്‍ ആനുപാതികമായി കൂടുതല്‍ നേട്ടമുണ്ടാകുമെന്ന ആശങ്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വീതം വര്‍ധന വരുത്തുന്ന നിര്‍ദേശം പരിഗണിക്കാമെന്ന് അമിത് ഷാ ഏപ്രിലില്‍ പറഞ്ഞിരുന്നെങ്കിലും ബന്ധപ്പെട്ട ബില്ലില്‍ അത് ഉള്‍പ്പെട്ടിരുന്നില്ല.
ലോക്‌സഭയില്‍ ഭേദഗതി പാസാക്കാന്‍ ഏകദേശം 360 അംഗങ്ങളുടെ പിന്തുണ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടല്‍. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് 319 അംഗങ്ങളുടെ ഉറപ്പായ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം), ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുടെ നിലപാടും നിര്‍ണായകമാകും.
വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി തന്ത്രസമിതി വെള്ളിയാഴ്ച സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
Related News