കൊച്ചി: ദേശീയ സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊച്ചി തുറമുഖത്ത് നങ്കുരമിട്ടിരിക്കുന്ന ഇറാനിയന്‍ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ സി.ജി. ശങ്കര്‍, ക്യാമറാമാന്‍ എസ്. മണി, ബോട്ട് ഡ്രൈവര്‍ വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ഹാര്‍ബര്‍ പോലീസിന് കൈമാറി.
ഷിപ്പ്യാര്‍ഡ്, നേവി ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കര്‍ശന വിലക്കുണ്ട്. കപ്പലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നോ വാര്‍ത്താ പോര്‍ട്ടലുകളില്‍ നിന്നോ നീക്കം ചെയ്യണമെന്ന് കൊച്ചി ഡിസിപി നിര്‍ദ്ദേശിച്ചു. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മാര്‍ച്ച് 4-നാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ നിലവില്‍ നാവികസേനയുടെ നിരീക്ഷണത്തിലാണ്.
ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം ആഗോളതലത്തില്‍ പുകയുമ്പോള്‍, കൊച്ചി തീരം അതീവ ജാഗ്രതയിലാണ്. സാങ്കേതിക തകരാര്‍ മൂലം കൊച്ചിയില്‍ അഭയം തേടിയ 'ഐആര്‍ഐഎസ് ലവാന്‍' എന്ന ഇറാനിയന്‍ യുദ്ധക്കപ്പലിനെ ചുറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് പോലീസ് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമം ലംഘിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചത് സുരക്ഷാ ഏജന്‍സികള്‍ എത്രത്തോളം ഗൗരവത്തോടെയാണ് ഈ നീക്കത്തെ കാണുന്നത് എന്നതിന്റെ തെളിവാണ്. മറ്റൊരു ഇറാനിയന്‍ കപ്പലായ ഐആര്‍ഐഎസ് ദേന തകര്‍ക്കപ്പെട്ട അതേ ദിവസം തന്നെയാണ് ലവാന്‍ കൊച്ചിയിലെത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
Related News