ലണ്ടന്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ ആറ് പ്രമുഖ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇറാനു കര്‍ശന മുന്നറിയിപ്പുമായി സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ലോകത്തെ മൊത്തം എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ഏതുതരത്തിലുള്ള ഇടപെടലിനും തങ്ങള്‍ സന്നദ്ധമാണെന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി.
കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി സൈനികവും സാങ്കേതികവുമായ നീക്കങ്ങള്‍ക്ക് രാജ്യങ്ങള്‍ തയ്യാറെടുക്കുകയാണ്. എണ്ണവില കുതിച്ചുയരുന്നത് തടയാന്‍ തങ്ങളുടെ പക്കലുള്ള കരുതല്‍ എണ്ണ ശേഖരം വിപണിയിലിറക്കാന്‍ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിക്ക് രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ നിന്ന് ഭാഗികമായി പിന്‍വാങ്ങിയേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് സഖ്യകക്ഷികള്‍ സ്വന്തം നിലയ്ക്ക് നീക്കം ശക്തമാക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് വഴി ലോകം നേരിടാന്‍ പോകുന്ന ഊര്‍ജ്ജ പ്രതിസന്ധിയില്‍ യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും വലിയ ആശങ്കയിലാണ്.
സംയുക്ത പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:
'ഗള്‍ഫ് മേഖലയില്‍ നിരായുധരായ വാണിജ്യ കപ്പലുകള്‍ക്ക് നേരെയും എണ്ണ-വാതക പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയും ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ഉപരോധം അങ്ങേയറ്റം ആശങ്കാജനകമാണ്.
അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇറാന്‍ നടത്തുന്ന ഖനനം , ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ എന്നിവ ഉടനടി നിര്‍ത്തലാക്കണം. കടലിലെ സഞ്ചാരസ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണ്. ഇറാന്റെ നടപടികള്‍ ലോകമെമ്പാടുമുള്ള ദരിദ്ര ജനവിഭാഗങ്ങളെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുക.
ഐക്യരാഷ്ട്രസഭയുടെ 2817-ാം നമ്പര്‍ പ്രമേയത്തിന് വിരുദ്ധമായി അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത് ലോകസമാധാനത്തിന് ഭീഷണിയാണ്. അതിനാല്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. വിപണി സുസ്ഥിരമാക്കാന്‍ കരുതല്‍ എണ്ണശേഖരം തുറന്നുവിടാനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പ്രതിസന്ധി ബാധിക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ ഐക്യരാഷ്ട്രസഭയുമായും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുമായും ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കും.'
ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ശക്തമായതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണക്ഷാമം ഉണ്ടാകാതിരിക്കാനാണ് വന്‍ശക്തി രാജ്യങ്ങളുടെ ഈ അടിയന്തര ഇടപെടല്‍.
Related News