വാഷിങ്ടന്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കിടയിലും സൈനിക നീക്കം ശക്തമാക്കി അമേരിക്ക. 10,000 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ പെന്റഗണ്‍ ആലോചിക്കുന്നതായി 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായി നേരിടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൂടുതല്‍ സൈനിക ഓപ്ഷനുകള്‍ നല്‍കുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍.
പുതുതായി വിന്യസിക്കുന്നവരില്‍ ഇന്‍ഫന്‍ട്രി (കാലാള്‍പ്പട), കവചിത വാഹനങ്ങള്‍ (armored vehicles) എന്നിവ ഉള്‍പ്പെടുമെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ 5,000 മറീനുകളെ മേഖലയിലേക്ക് മാറ്റിക്കഴിഞ്ഞു. ഇതിന് പുറമെ ആര്‍മിയുടെ എലൈറ്റ് 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള 1,000 സൈനികരെ കൂടി വിന്യസിക്കാന്‍ പെന്റഗണ്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ 50,000 യുഎസ് സൈനികര്‍ ഈ മേഖലയില്‍ ഉണ്ടെന്നിരിക്കെയാണ് പുതിയ വിന്യാസം.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനോ ഇറാന്റെ എണ്ണ വ്യവസായത്തിന്റെ നിര്‍ണ്ണായക കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനോ ഉള്ള പരിമിതമായ കരയാക്രമണത്തിന് ട്രംപ് ഒരുങ്ങുന്നതായാണ് സൂചനകള്‍. എന്നാല്‍, ഇത്തരമൊരു യുദ്ധം അമേരിക്കന്‍ സൈനികരുടെ ജീവനും ഭീമമായ തുകയും നഷ്ടപ്പെടുത്തുന്ന ഒന്നായിരിക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നയതന്ത്ര ചര്‍ച്ചകളാണ് ഉചിതമായ മാര്‍ഗമെന്ന് മുന്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി മിക് മുള്‍റോയ് അഭിപ്രായപ്പെട്ടു.
Related News