റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി എത്തിയ 10 ഡ്രോണുകള്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. വ്യോമ പ്രതിരോധ സേനയുടെയും വ്യോമസേനയുടെയും ഏകോപിതമായ നീക്കത്തിലൂടെയാണ് ഈ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ത്തത്. ഞായറാഴ്ച രാവിലെയായിരുന്നു ഔദ്യോഗികമായ ഈ പ്രഖ്യാപനം.
ശനിയാഴ്ച റിയാദ് പ്രവിശ്യയെ ലക്ഷ്യം വെച്ച് തൊടുത്തുവിട്ട അഞ്ച് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും വെടിവെച്ചിട്ടതായി അല്‍ മാലികി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനവാസ മേഖലകളെയും തന്ത്രപ്രധാനമായ എണ്ണ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണങ്ങള്‍. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതോടെ സൗദിയുടെ വ്യോമ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, സമീപകാലത്തായി സൗദി അറേബ്യക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഭൂരിഭാഗവും വിജയകരമായി പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുവരെ ഏകദേശം 841 ഡ്രോണുകളും 58 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂസ് മിസൈലുകളും സൈന്യം തകര്‍ത്തു. ഇതില്‍ ഭൂരിഭാഗവും റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നത്.
Related News