മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിലെ ആരോഗ്യ സേവനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സജ്ജീകരണം വിലയിരുത്താന്‍ സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തി. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്.
സൗദി വിഷന്‍ 2030-ന്റെയും ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെയും ഭാഗമായി തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും രാജ്യം നല്‍കുന്ന മുന്‍ഗണനയാണ് ഈ സന്ദര്‍ശനം വ്യക്തമാക്കുന്നത്.
മക്കയിലെ ആരോഗ്യ ശൃംഖലയുടെ പ്രവര്‍ത്തനക്ഷമതയ്ക്ക് ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ ആശുപത്രികളുടെ ശേഷി വര്‍ദ്ധിപ്പിക്കും. പ്രതിരോധ കുത്തിവെപ്പുകള്‍, ചികിത്സാ സൗകര്യങ്ങള്‍, അത്യാഹിത വിഭാഗം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവര്‍ത്തന പദ്ധതിയാണ് മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്.
എമര്‍ജന്‍സി, ഐ.സി.യു എന്നിവയുടെ പ്രവര്‍ത്തന സജ്ജതയും ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോക്കോളുകളും മന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി. ആംബുലന്‍സ് സര്‍വീസുകളുമായി ചേര്‍ന്നുള്ള ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം മന്ത്രി പരിശോധിച്ചു. ഇത് ഹജ്ജ് വേളയില്‍ ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കാന്‍ സഹായിക്കും.
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക സൗകര്യങ്ങളും മികച്ച പരിശീലനം ലഭിച്ച മെഡിക്കല്‍ സ്റ്റാഫിന്റെ സേവനവും ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പുണ്യസ്ഥലങ്ങളിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഫീല്‍ഡ് നിരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലും തുടരും.
Related News