ജിദ്ദ: റവാബി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് 'മലബാര്‍ അടുക്കള' സംഘടിപ്പിച്ച പായസ മത്സരം രുചിയുടെയും സാംസ്‌കാരിക ഐക്യത്തിന്റെയും മധുരോത്സവമായി മാറി. പാല്‍, ശര്‍ക്കര, നെയ്യ്, തേങ്ങ എന്നിവയുടെ തനിമയാര്‍ന്ന രുചിക്കൂട്ടുകളുമായി മത്സരാര്‍ത്ഥികള്‍ അണിനിരന്നപ്പോള്‍ വേദി ഗൃഹാതുരമായ ഓര്‍മ്മകളാല്‍ നിറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പാചക നൈപുണ്യവും സര്‍ഗ്ഗാത്മകതയും ഒത്തുചേര്‍ന്ന വൈവിധ്യമാര്‍ന്ന പായസങ്ങളാണ് വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
മത്സരത്തില്‍ ആതിര ഒന്നാം സ്ഥാനവും, ഷക്കീല മന്‍സൂര്‍ രണ്ടാം സ്ഥാനവും, ബന്‍സീര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമേരിക്കന്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ സര്‍ട്ടിഫൈഡ് ഷെഫുമാരായ മുബീന സാലിഹ്, സജ്‌ന യൂനുസ്, സുറുമി അബ്ദുള്ള എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. വിദഗ്ദ്ധരായ ഷെഫുമാരുടെ സാന്നിധ്യം മത്സരത്തിന് ഉയര്‍ന്ന നിലവാരവും വിശ്വാസ്യതയും പകര്‍ന്നു.
ചീഫ് കോഓര്‍ഡിനേറ്ററും മോഡറേറ്ററുമായ കുബ്‌റ ലതീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ആയിഷ ഷാമിസ് അവതാരകയായിരുന്നു. പാട്ടിനും നൃത്തത്തിനുമൊപ്പം നിരവധി ആളുകള്‍ പങ്കെടുത്ത മധുരമേള ജിദ്ദയിലെ പ്രവാസികള്‍ക്ക് ആവേശകരമായ അനുഭവമായി മാറി.
ഷിബു തിരുവനന്തപുരം , കബീര്‍ കൊണ്ടോട്ടി, നാസര്‍ കിയ, നസീര്‍ വാവക്കുഞ്ഞ്, അബ്ദുല്‍ നാസര്‍ കൊഴിത്തൊടി, വാസു ഹമദാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഷംസീറ, സാഹിറ, ആഷിക, ഷാഹിദ, ഹസീന, മുംതാസ്, സബീന, ശബ്‌ന, സുനീറ, ലതീഫ്, ബാദ്ഷാ, യൂസഫ് കോട്ട, ജബ്ബാര്‍ തുടങ്ങിയ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്ത്രീകളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചാരിറ്റി, വിനോദം, ഷെഫ് കോഴ്‌സുകള്‍ തുടങ്ങിയ മേഖലകളിലും മലബാര്‍ അടുക്കള സജീവമാണ്. പത്താം വാര്‍ഷികാഘോഷത്തിന്റെ നിറവിലുള്ള സംഘടന, പാചകകലയിലൂടെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും സ്വയംപര്യാപ്തതയും നല്‍കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. പായസത്തിന്റെ ഓരോ തുള്ളിയിലും അമ്മമനസ്സിന്റെ സ്‌നേഹവും നാടിന്റെ ഐക്യവും നിറഞ്ഞുനിന്ന ഈ സംഗമം ജിദ്ദയുടെ പ്രവാസി മനസ്സുകളില്‍ മായാത്ത ഓര്‍മ്മയായി മാറി.
Related News