മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി മക്കയില്‍ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹേല്‍ ഐജാസ് ഖാന്‍ നേരിട്ടെത്തി വിലയിരുത്തി. മദീനയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം മക്കയിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ അദ്ദേഹം സ്വീകരിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോണ്‍സല്‍ സദഫ് ചൗധരി എന്നിവരും സ്ഥാനപതിക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ താമസസൗകര്യങ്ങള്‍, ഗതാഗതം, ആരോഗ്യ സേവനങ്ങള്‍ എന്നിവ സ്ഥാനപതിയും സംഘവും വിശദമായി പരിശോധിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ സൗദി അധികൃതരുമായി സഹകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് 'ഹറമൈന്‍ അതിവേഗ റെയില്‍വേ' സേവനം കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകുന്നു എന്നതാണ്. മക്ക-മദീന യാത്രയ്ക്കും ജിദ്ദ-മക്ക യാത്രയ്ക്കും വലിയൊരു വിഭാഗം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ട്രെയിന്‍ മാര്‍ഗ്ഗത്തെയാകും ആശ്രയിക്കുക.
റോഡ് മാര്‍ഗ്ഗമുള്ള യാത്രയെ അപേക്ഷിച്ച് ഹറമൈന്‍ ട്രെയിന്‍ ഉപയോഗിക്കുന്നത് യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഇത് പ്രദാനം ചെയ്യുമെന്ന് സ്ഥാനപതി അറിയിച്ചു. ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും തീര്‍ത്ഥാടകരെ സഹായിക്കാന്‍ മക്കയില്‍ സജീവമാണ്.
Related News