ജിദ്ദ- ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അല്‍-അഹ്ലി, ഓഷ്യാനിയന്‍ ചാമ്പ്യന്മാരായ ഓക്ലന്‍ഡ് സിറ്റിയെ നേരിടും. ഓഗസ്റ്റില്‍ ജിദ്ദയിലെ അല്‍-ഇന്‍മ സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക. മത്സരത്തിന്റെ അന്തിമ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കിയാണ് അല്‍-അഹ്ലി ഈ ആഗോള ടൂര്‍ണമെന്റിലേക്ക് യോഗ്യത ഉറപ്പാക്കിയത്. ടൂര്‍ണമെന്റിലെ അല്‍-അഹ്ലിയുടെ എതിരാളികളെ നിശ്ചയിക്കാന്‍ ഓക്ലന്‍ഡ് സിറ്റിയും ഓസ്ട്രേലിയന്‍ ക്ലബ്ബായ സൗത്ത് മെല്‍ബണും തമ്മില്‍ പ്ലേ-ഓഫ് മത്സരം നടക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, ഓസ്ട്രേലിയന്‍ ക്ലബ്ബുകള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പരിധിയില്‍ വരുന്നതിനാല്‍ സൗത്ത് മെല്‍ബണെ യോഗ്യതാ റൗണ്ടില്‍നിന്ന് ഒഴിവാക്കാന്‍ ഓഷ്യാനിയ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഓക്ലന്‍ഡ് സിറ്റിക്ക് അല്‍-അഹ്ലിയെ നേരിടാനുള്ള ഔദ്യോഗിക യോഗ്യത നേരിട്ട് ലഭിച്ചത്.
ജിദ്ദയിലെ സ്വന്തം തട്ടകത്തില്‍ തങ്ങളുടെ ആരാധകര്‍ക്ക് മുന്നിലാണ് അല്‍-അഹ്ലി കളത്തിലിറങ്ങുന്നത് എന്നതിനാല്‍ ഈ മത്സരത്തിന് വലിയ ജനശ്രദ്ധയും മാധ്യമശ്രദ്ധയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം മണ്ണിലെ ഈ പോരാട്ടം സൗദി ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കും. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ ജിദ്ദയില്‍ വെച്ചുനടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ പിരമിഡ്‌സിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ് അല്‍-അഹ്ലി പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവാണ് ഇത്തവണ ടീം ലക്ഷ്യമിടുന്നത്.
Related News