l o a d i n g

ഗൾഫ്

ചാമ്പ്യന്‍സ് ലീഗ് വിജയം അക്രമത്തില്‍ കലാശിച്ചു; പാരിസില്‍ വ്യാപക അക്രമം, 280-ലധികം പേര്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 31, 2026

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ഷെര്‍മെയ്ന്‍ (PSG) വിജയിച്ചതിന് പിന്നാലെ പാരിസ് നഗരത്തില്‍ വ്യാപക അക്രമം. പതിനായിരക്കണക്കിന് ആരാധകര്‍ തെരുവിലിറങ്ങി പോലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പാരിസില്‍ മാത്രം 283 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫ്രാന്‍സിലുടനീളം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 416 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരില്‍ എത്രപേര്‍ക്കെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന കാര്യം വ്യക്തമായിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഫ്രാന്‍സില്‍ ഒരുക്കിയിരുന്നത്. രാജ്യത്തുടനീളം 22,000 പോലീസുകാരെയും പാരിസില്‍ മാത്രം 8,000 സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരുന്നത്. അക്രമസാധ്യത കണക്കിലെടുത്ത് പാരിസിലെ ട്രാം സര്‍വീസുകളും നിരവധി മെട്രോ സ്റ്റേഷനുകളും ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.

ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങള്‍ 'തീര്‍ത്തും അംഗീകരിക്കാനാകാത്തതാണെന്ന്' ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പറഞ്ഞു. അക്രമങ്ങളില്‍ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ആറ് വാഹനങ്ങളും രണ്ട് വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്ന നാടകീയമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പി.എസ്.ജി വിജയം വരിച്ചതോടെ പാരിസിലെ പ്രശസ്തമായ ഷാംപ്‌സ് എലീസി അവന്യൂവിലേക്ക് ഇരുപതിനായിരത്തോളം ആരാധകരാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ വര്‍ഷം കടകള്‍ കൊള്ളയടിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തവണ ഭൂരിഭാഗം വ്യാപാരികളും കടകളുടെ ജനലുകളും വാതിലുകളും മുന്‍കൂട്ടി ബോര്‍ഡുകള്‍ വെച്ച് മറച്ചിരുന്നു. എങ്കിലും ഷാംപ്‌സ് എലീസിക്ക് സമീപമുള്ള ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം അക്രമികള്‍ തകര്‍ത്തു. പരിശോധനയില്‍ ആരാധകരില്‍ നിന്ന് നിരവധി ഫ്‌ലെയറുകളും നൂറോളം പടക്കങ്ങളും പോലീസ് പിടിച്ചെടുത്തു.

ഒരു കൂട്ടം ആരാധകര്‍ പാരിസിലെ പ്രധാന റിങ് റോഡായ 'ബൊളിവാര്‍ഡ് പെരിഫെറിക്' ഉപരോധിക്കുകയും ഫ്‌ലെയറുകള്‍ കത്തിച്ച് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയും ചെയ്തു. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തിന് ഉള്ളിലും പുറത്തുമായി പതിനായിരക്കണക്കിന് ആളുകളാണ് മത്സരം കാണാന്‍ ഒത്തുകൂടിയിരുന്നത്. സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ അയ്യായിരത്തോളം വരുന്ന കാണികളില്‍ ചിലര്‍ പോലീസിന് നേരെ കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞു. ഇവിടെയുള്ള ഒരു ബേക്കറിയും റെസ്റ്റോറന്റും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ഏകദേശം 150 ഓളം വരുന്ന അക്രമിസംഘം സ്റ്റേഡിയത്തിന്റെ ഗേറ്റുകളിലൊന്നിലൂടെ അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. വാടക സൈക്കിളുകള്‍ ഉപയോഗിച്ച് പോലീസിനെതിരെ ബാരിക്കേഡുകള്‍ തീര്‍ക്കാനും ശ്രമമുണ്ടായി. പോലീസിന് നേരെ വ്യാപകമായി പടക്കങ്ങള്‍ എറിഞ്ഞതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

പോപ്പ് ഗായിക അയാ നകാമുറയുടെ സംഗീത പരിപാടി, റാപ്പര്‍ ഡാംസോയുടെ കണ്‍സേര്‍ട്ട്, ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് എന്നിവ ഒരേ ദിവസം നടന്നതിനാല്‍ പാരിസ് നഗരത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

പാരിസിലെ അക്രമസംഭവങ്ങള്‍ക്കെതിരെ ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ രംഗത്തെത്തി. മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച പ്രമുഖ നേതാവ് മരീന്‍ ലെ പെന്‍ എക്‌സില്‍ കുറിച്ചതിങ്ങനെ: 'ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ വിജയം കലാപത്തിന് കാരണമാകുന്നത് ഫ്രാന്‍സില്‍ മാത്രമാണ്. വിജയത്തിന്റെ രാത്രിയില്‍ അക്രമം ഭയന്ന് ജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ പൂട്ടിയിരിക്കേണ്ടി വരുന്ന സാഹചര്യം ഫ്രാന്‍സില്‍ മാത്രമേയുള്ളൂ.' എന്നാല്‍ അക്രമം തടയാന്‍ ശക്തമായ സംവിധാനം ഒരുക്കിയിരുന്നതായി ആഭ്യന്തര മന്ത്രി നുനെസ് വ്യക്തമാക്കി. എല്ലാവര്‍ക്കും സമാധാനപരവും സുരക്ഷിതവുമായ രീതിയില്‍ ആഘോഷിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് പോലീസ് വക്താവും അറിയിച്ചു.

അതേസമയം, ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജി താരങ്ങളുടെ വിക്ടറി പരേഡ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഐഫല്‍ ടവറിന് മുന്നിലുള്ള ചാമ്പ് ഡി മാഴ്‌സില്‍ നടക്കും. ഒരു ലക്ഷത്തോളം ആരാധകര്‍ പരേഡ് കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ താരങ്ങളെ എലീസി കൊട്ടാരത്തില്‍ സ്വീകരിക്കും.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026