തിരുവനന്തപുരം: SNDP യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂടിക്കാഴ്ച നടത്തിയതിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത. തുഷാര്‍ വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി ചര്‍ച്ചയിലൂടെ 'ലെജിറ്റിമിസി' ഉണ്ടാക്കി നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവ് വി.ആര്‍. അനൂപ് രംഗത്തെത്തി. തങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിമാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ അധികാരമെന്ന് ഓര്‍ക്കണമെന്നും അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു.
എന്‍.ഡി.എ ഘടകകക്ഷി നേതാവുമായ തുഷാറുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയണമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താവിന്റെ നിലപാട്. ഇതിന് പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആസിഫ് മുഹമ്മദും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 1996 മുതല്‍ ഇന്നുവരെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെ കാണാന്‍ കൂട്ടാക്കാത്ത നിലപാടാണ് കെ.സി. വേണുഗോപാല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ആസിഫ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ കെ.സി പക്ഷത്തെ പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
Related News